ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആംആദ്മിയുടെ കര്‍ഷക റാലിയ്‌ക്കിടെ ഒരാള്‍ മരത്തില്‍നിന്നു വീണു മരിച്ച സംഭവത്തില്‍ കര്‍ഷകന്‍ മദ്യപിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.ഗജേന്ദ്ര സിംഗാണ് മരത്തില്‍ കയറി തൂങ്ങിമരണം അഭിനയിക്കുന്നതിനിടെ കാല്‍തെറ്റി കഴുത്തില്‍ കുരുക്ക് മുറുകി മരിച്ചത്.ഇത് കര്‍ഷകന്റെ പരസ്യമായ ആത്മഹത്യയായാണ് ആപ്പ് ചിത്രീകരിച്ചതും.ഇയാളെ ആംആദ്മി പാര്‍ട്ടി രക്തസാക്ഷയാക്കി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഗജേന്ദ്ര സിംഗിന്റെ ആന്തരീകാവയവങ്ങളിലെ സ്രവപരിശോധനയിലാണ് ഉള്ളില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയത്.തൂങ്ങിമരണമാണ്. കഴുത്തിലെ അസ്ഥി ഒടിഞ്ഞിട്ടുമുണ്ട്, റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തില്‍ കുരുക്കിട്ട് നില്‍ക്കുമ്പോള്‍ കാല്‍വഴുതി മരക്കൊമ്പില്‍നിന്ന് വീഴുകയും കഴുത്തില്‍ കയര്‍ കരുങ്ങുകയുമായിരുന്നു.മദ്യം ഉള്ളിലുണ്ടായിരുന്നതിനാലാകാം കാല്‍തെറ്റിയത്,അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ സാന്നിധ്യത്തിലായിരുന്നു ഗജേന്ദ്ര സിംഗിന്റെ തൂങ്ങിമരണം.മദ്യം തലയ്‌ക്കുപിടിച്ച ഇയാള്‍ മരത്തില്‍ കയറി തൂങ്ങിമരിക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.
ഇതിനിടെ കര്‍ഷക റാലിയില്‍ പങ്കെടുത്തവര്‍ ഗജേന്ദ്ര സിംഗിന് പ്രോല്‍സാഹനം നല്‍കുക കൂടി ചെയ്തതോടെ ഇയാളുടെ ആവേശം ഇരട്ടിച്ചു. ജനശ്രദ്ധ തിരിക്കാനായിരുന്നു ശ്രമം. പക്ഷെ അത് ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.
















