അങ്ങ് സാക്ഷാല്‍ രാമനായി അവതരിച്ച സാക്ഷാല്‍ നാരായണമൂര്‍ത്തി തന്നെയെന്ന് എനിക്കു ബോദ്ധ്യമായി. എന്നിലുള്ള വൈഷ്ണവതേജസ്സു മുഴുവന്‍ അങ്ങയിലാക്കുവാനാണ് ഞാന്‍ വില്ലു തന്നത്. ബ്രഹ്മാദി ദേവന്‍മാര്‍ പ്രാര്‍ത്ഥിച്ചിട്ടുള്ള കര്‍മ്മങ്ങളെല്ലാം അങ്ങ് മായയെ ആശ്രയിച്ചു നിര്‍വ്വഹിക്കുക. (രാവണവധവും രാക്ഷസ നിഗ്രഹവും സാധിക്കാനാണ് ഈ അവതാരം. അതിനു മായാദേവിയായ സീതയുടെ സഹായവും വേണം എന്നര്‍ത്ഥം) അങ്ങ് സാക്ഷാല്‍ നാരായണന്‍ തന്നെ. ഇപ്പോള്‍ ജന്മം സഫലമായി. മുമ്പു ചെയ്ത തപസ്സിനു സാഫല്യവും വന്നു.
ബ്രഹ്മമുഖ്യന്മാര്‍ക്കുപോലും ദുര്‍ലഭമായ അങ്ങയുടെ രൂപം എനിക്കു ദര്‍ശിക്കാന്‍ കഴിഞ്ഞല്ലോ. ഞാന്‍ ധന്യനും കൃതാര്‍ത്ഥനും സ്വസ്ഥനുമായി. നിന്റെ രൂപം എന്റെയുള്ളില്‍ എപ്പോഴും വസിക്കണം. അജ്ഞാനത്തില്‍ നിന്നുളവാകുന്ന ഉത്ഭവം, സ്ഥിതി, വളര്‍ച്ച, മാറ്റം, ക്ഷയം, നാശം എന്നീ ഷഡ് ഭാവങ്ങള്‍ അങ്ങേയ്‌ക്ക് യഥാര്‍ത്ഥത്തില്‍ ഇല്ല. അങ്ങ് ജ്ഞാനസ്വരൂപനാണ്. നിര്‍വ്വകാരാത്മാവും പരിപൂര്‍ണനുമായ മോക്ഷപ്രദനാണ്.
തീയും പുകയുംപോലെ വെള്ളവും നുരയുംപോലെ അവിടുത്തെ മായ അങ്ങയില്‍ തന്നെ സദാ ലീനമായിരിക്കുന്നു. അതെത്രയും ചിത്രം തന്നെ. ഏതുകാലം വരെ ലോകം മായകൊണ്ട് സംവൃതനായിരിക്കുന്നുവോ ആ കാലം വരെ അങ്ങയുടെ തത്ത്വം അറിയാന്‍ കഴിയുന്നില്ല. സജ്ജനങ്ങളുമായുള്ള സംഗം കൊണ്ടുണ്ടാകുന്ന ഭക്തിയാല്‍ അങ്ങയുടെ സേവയില്‍ തല്‍പരരായ മനുഷ്യന്‍ കാലക്രമേണ അങ്ങയുടെ മായയാല്‍ നിര്‍മ്മിക്കപ്പെട്ട സംസാരസാഗരം കടക്കുന്നു. അങ്ങയുടെ ജ്ഞാനം ലഭിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരുടെ അജ്ഞാനം നീക്കുവാന്‍ ഒരു സദ്ഗുരു വരും. ഗുരുസേവ ചെയ്തു പ്രസാദിപ്പിക്കുമ്പോള്‍ തത്ത്വമസി തുടങ്ങിയ മഹാവാക്യങ്ങള്‍ ഉപദേശിക്കും.
നിരന്തര സാധനയിലൂടെ ഒടുവില്‍ ജ്ഞാനം ലഭിക്കും. ജ്ഞാനം ലഭിക്കുമ്പോള്‍കര്‍മ്മബന്ധത്തില്‍നിന്നും വേര്‍പെട്ട് അങ്ങയുടെ ചിന്മയ പദത്തില്‍ വിലയം പ്രാപിക്കും. അങ്ങയില്‍ ഭക്തിയില്ലാത്തവര്‍ക്ക് കല്പകോടി കഴിഞ്ഞാലും മോക്ഷം ലഭിക്കുകയില്ല. ശാസ്ത്രാദി ബോധത്തിന്റെയും അദ്ധ്യാത്മികജ്ഞാനത്തിന്റെയും സുഖം മോക്ഷമാണ്. അതിനാല്‍ എന്നിലുള്ള അജ്ഞാനം നീക്കി അങ്ങയുടെ ബോധം നല്‍കണം.
എല്ലാകാലത്തും അങ്ങയില്‍ ഇളക്കം കൂടാത്ത ഭക്തിയുണ്ടാകണം. ഹേ ജഗല്‍പതേ, ഹേ രമാപതേ, ഹേ ദാശരഥേ, നമസ്‌കാരം. ഹേ സജ്ജനങ്ങളുടെ നാഥനായിട്ടുള്ളവനേ, ദേവപതിയും വേദപതിയുമായവനേ, യാഗങ്ങളുടെ പതിയും രാജാവുമായവനേ, ധര്‍മ്മപതിയും സീതാപതിയുമായവനേ, അങ്ങേയ്‌ക്ക് നമസ്‌കാരം.
ഹേ കരുണാനിധേ, ഹേ ചാരുമൂര്‍ത്തേ, ഹേ രാമചന്ദ്ര, എപ്പോഴും ഞാന്‍ നമസ്‌കരിക്കുന്നു. അങ്ങയുടെ പാദപത്മങ്ങളില്‍ സദാ നമസ്‌കാരം. ഭഗവാനെ സ്തുതിച്ചശേഷം താനിതുവരെ സമ്പാദിച്ച തപോബലമത്രയും ശ്രീരാമന്റെ അസ്ത്രത്തിനു വിധേയമാക്കുന്നുവെന്ന് പരശുരാമന്‍ പറഞ്ഞു. അതുകേട്ടു സന്തോഷിച്ച രാമചന്ദ്രന്‍ തൊട്ടടുത്ത ശരം കൊണ്ട് പരശുരാമന്റെ തപശ്ശക്തിയും പുണ്യവുമെല്ലാം ഏറ്റെടുത്തു. ഭൃഗുരാമന്‍ മഹേന്ദ്ര പര്‍വ്വതത്തില്‍ തപസ്സുചെയ്യാനായി പോയി.
… തുടരും
















