ശൈവചാപം വന്ദിച്ചുകൊണ്ട് ബ്രഹ്മന്‍ ഞാന്‍ ഈ വില്ല് കൈകൊണ്ടു തൊട്ടുനോക്കട്ടെ. അതുയര്‍ത്തുവാനും കുലയ്‌ക്കുവാനും ശ്രമിക്കുകയും ചെയ്യാം എന്നു ശ്രീരാമന്‍ ചോദിച്ചപ്പോള്‍ എല്ലാമാകുന്നതു ചെയ്താലും മടിക്കേണ്ട. കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ എന്നു വിശ്വാമിത്രന്‍ പറഞ്ഞു. ശ്രീരാമന്‍ മന്ദഹാസത്തോടെ അടുത്തുചെന്ന് ജ്വലിച്ച തേജസ്സോടെ വേഗത്തില്‍ വില്ലെടുത്ത് യാതൊരു ശ്രമവും കൂടാതെ കുലച്ചുവലിച്ചു. ആ സമയത്ത് വില്ലു രണ്ടായി മുറിഞ്ഞു. അതിന്റെ ശബ്ദം പതിന്നാലുലോകത്തിലും മാറ്റൊലിക്കൊണ്ടു.
ദേവലോകത്ത് പാട്ടും ആട്ടവും പുഷ്പവൃഷ്ടിയുമുണ്ടായി. വാല്‍മീകിരാമായണത്തില്‍ പറയുന്നത് പര്‍വതം പിളരുമ്പോള്‍ എന്നപോലെ ഭൂകമ്പമുണ്ടായിയെന്നാണ്. മുനിശ്രേഷ്ഠനും രാജാവും രാമലക്ഷ്മണന്മാരും ഒഴിച്ച് മറ്റെല്ലാവരും ബോധം കെട്ടു വീണത്രെ. ജനകന്‍ വിശ്വാമിത്രനോടു പറഞ്ഞു: ”അത്ഭുതകരമായ ഇത് ഞാന്‍ ചിന്തിക്കാത്തതും ഊഹിക്കാത്തതുമാകുന്നു. സീത വീരനുള്ള സമ്മാനമാണെന്നുള്ള പ്രതിജ്ഞ ഞാന്‍ നിറവേറുന്നു. പ്രാണനെപ്പോലെ ഞാന്‍ സ്‌നേഹിക്കുന്ന സീതയെ ഇതാ രാമനു കൊടുക്കുന്നു.”
ഇടിവെട്ടീടുംവണ്ണം വില്‍മുറിഞ്ഞൊച്ചകേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ.
മൈഥിലി മയില്‍പ്പേടപ്പോലെ സന്തോഷം പൂണ്ടാള്‍
കൗതുകമുണ്ടായ് വന്നു ചേതസി കൗശികനും
വില്‍ മുറിഞ്ഞ ശബ്ദം ഇടിനാദംപോലെയായിരുന്നു. ഇടി വെട്ടുമ്പോള്‍ മഴയുണ്ടാകുമെന്നുറച്ച് മയിലുകള്‍ പുറത്തുവന്നു നൃത്തമാടാന്‍ തുടങ്ങും. ജന്മശത്രുക്കളായ പാമ്പുകള്‍ ഭയന്ന് മാളങ്ങളിലൊളിക്കും. ഇവിടെ സീതയെക്കിട്ടുമെന്നു മോഹിച്ചെത്തിയ രാജാക്കന്മാരാണ് ഭയന്നോടിയത്. മൈഥിലിയാകുന്ന മയില്‍പ്പേട മേഘവര്‍ണ്ണനായ രാമനെക്കിട്ടുമല്ലോയെന്ന് സന്തോഷിക്കുകയും ചെയ്യുന്നു.
… തുടരും
















