626. അരിഘ്‌നീഃ – അരികളെ ഹനിക്കുന്നവള്‍. അരി എന്ന പദം ശത്രുവിനെ കുറിക്കുന്നു. ദേവിക്കു ശത്രുക്കളില്ല. പ്രകൃതിക്കും പ്രപഞ്ചത്തിനും ഉപദ്രവമുണ്ടാക്കുന്നവരെ ദേവിക്കു ശത്രുക്കളായി കണക്കാക്കേണ്ടിവരും. ദേവീഭക്തനെ ആക്രമിക്കുന്ന കാമക്രോധാദികളായ ശത്രുക്കളെയും കര്‍മ്മഫലമായി ഭക്തനെ ബാധിക്കുന്ന രോഗം ദാരിദ്ര്യം തുടങ്ങിയ ശത്രുക്കളെയും ദേവി സ്വന്തം ശത്രുക്കളായി കരുതി നശിപ്പിക്കും. അതിനാലും അരിഘ്‌നീ എന്നു ദേവിക്കു നാമം.
627. നാമദ്വാദശവജ്രപഞ്ജരമധ്യഗാഃ – പന്ത്രണ്ടു നാമങ്ങളാകുന്ന വജ്രപഞ്ജരത്തിന്റെ മധ്യത്തില്‍ സ്ഥിതിചെയ്യുന്നവള്‍. ഈ പന്ത്രണ്ടു നാമങ്ങളും മന്ത്രങ്ങളാണ്. ഇവ ചേര്‍ന്നുണ്ടായ അഭേദ്യമായ വജ്രപഞ്ജരത്തിനുള്ളില്‍ മൂകാംബികാദേവി കൂട്ടിനുള്ളില്‍ കിളിയെന്നപോലെ സ്ഥിതിചെയ്യുന്നതായി ആലങ്കാരിക പ്രയോഗം. ഈ നാമങ്ങള്‍കൊണ്ടു ദേവിയെ സ്തുതിക്കുന്ന ഭക്തന്റെ ഹൃദയപഞ്ജരത്തിനുള്ളില്‍ സദാ ദേവി സന്തുഷ്ടയായികൂടിയിരിക്കും. വാരാഹീദേവിയുടെ പന്ത്രണ്ടു നാമങ്ങളായ വജ്രക്കൂട്ടിലിരിക്കുന്ന മനുഷ്യന് ഒരിക്കലും സങ്കടവും ദുഃഖവും അനുഭവിക്കേണ്ടിവരുകയില്ല എന്നര്‍ത്ഥമുള്ള ഒരു ശ്ലോകം ലളിതോപാഖ്യാനം പതിനൊന്നാം അദ്ധ്യായത്തിലുണ്ട്. അതിനെ അല്പം ഭേദപ്പെടുത്തിയതാണ് ഈ നാമത്തിന്റെ ആശയം.
ദേവിയുടെ പന്ത്രണ്ടുനാമങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ”ശ്രീവാരാഹീദ്വാദശനാമസ്‌തോത്രം എന്റെ ലളിതോപാഖ്യാനവ്യാഖ്യാനത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ഈ സ്‌തോത്രമുപയോഗിച്ച് വാരാഹീ ദേവിയെ സ്തുതിക്കുന്നവരെ ദേവീ കാരുണ്യം വജ്രപഞ്ജരംപോലെ സംരക്ഷിക്കും.
615 മുതല്‍ 627 വരെയുള്ള പന്ത്രണ്ടുനാമങ്ങള്‍ മൂകാംബികയെ വാരാഹീ ദേവിയുടെ രൂപത്തില്‍ സ്തുതിക്കുന്നു.
… തുടരും
















