615. പഞ്ചമീ – അഞ്ചാമത്തവള്‍. പഞ്ചമി എന്ന പദത്തിനു പല അര്‍ത്ഥങ്ങളുണ്ടെങ്കിലും തുടര്‍ന്നുവരുന്ന പദങ്ങള്‍ വരാഹീദേവിയെക്കുറിച്ചായതുകൊണ്ട് വാരാഹീദേവിയുടെ നാമമായി വ്യാഖ്യാനിക്കണം.
ലളിതോപാഖ്യാനത്തില്‍ ലളിതാദേവിയുടെ ശക്തി സേനകളുടെ നായികയായ വാരാഹീദേവിയെ പന്ത്രണ്ടുനാമങ്ങള്‍കൊണ്ടു സ്തുതിക്കുന്നുണ്ട്. അവയില്‍ ആദ്യത്തെ നാമം പഞ്ചമീ എന്നാണ്. വാരാഹീദേവി പലതരത്തില്‍ പഞ്ചമിയാണ്. ഏറ്റവും പ്രമുഖമായ അര്‍ത്ഥം പഞ്ചമനായ ശ്രീപരമേശ്വരന്റെ പത്‌നി എന്നതാണ്. ബ്രഹ്മാവ്, വിഷ്ണു രുദ്രന്‍, ഈശ്വരന്‍, സദാശിവന്‍ എന്നിവര്‍ അഞ്ചു ബ്രഹ്മന്മാര്‍. ഇവരില്‍ അഞ്ചാമനായതുകൊണ്ട് സദാശിവന് പഞ്ചമന്‍ എന്നും പേര്. പഞ്ചമന്റെ പത്‌നിയായ ദേവി പഞ്ചമി. പഞ്ചമനായ സദാശിവന്റെ ശക്തിയെ പഞ്ചമി എന്നുവിളിക്കുന്നതു യുക്തം.
പ്രഥമ തൊട്ടുള്ള തിഥികളില്‍ അഞ്ചാമത്തവളാകയാല്‍ ദേവിക്കു പഞ്ചമി എന്നു പേരുണ്ടായി എന്നു മറ്റൊരു വ്യാഖ്യാനം.
മകാരത്തെ മന്ത്രശാസ്ത്രത്തില്‍ പഞ്ചമം എന്നുപറയാറുണ്ട്. ങ,ഞ, ണ, ന, മ എന്നിവ പഞ്ചമകാരങ്ങള്‍. പഞ്ചമകാരങ്ങളുടെ സമാഹൃതരൂപമായ മകാരത്തില്‍ ആനന്ദരൂപമായ നാദമായി സ്ഥിതിചെയ്യുന്നതിനാലും ദേവിക്കു പഞ്ചമി എന്നുപേര്.
സംഗീതശാസ്ത്രത്തില്‍ പഞ്ചമം എന്ന പദം ‘പ’യെ കുറിക്കുന്നു. സപ്തസ്വരങ്ങളില്‍ അഞ്ചാമത്തേതായതുകൊണ്ടും നാഭി, ഉരസ്സ്, ഹൃദയം, കണ്ഠം, മൂര്‍ദ്ധാവ് എന്ന് അഞ്ചു സ്ഥാനങ്ങളില്‍ തട്ടി പുറപ്പെടുന്നതുകൊണ്ടും ‘പ’ എന്ന സ്വരത്തെ പഞ്ചമം എന്നുപറയും. കുയിലിന്റെ ശബ്ദംപോലെ മധുരവും ആകര്‍ഷകരവുമായ ‘പ’ എന്ന സ്വരത്തിന്റെ ചൈതന്യമായി സംഗീതത്തെ മധുരമാക്കുന്നതു ദേവിയാകയാല്‍ ദേവിക്കു പഞ്ചമി എന്നുപേര്.
.. തുടരും
















