ന്യൂദല്‍ഹി: അംഗത്വം സ്വീകരിച്ച 15 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുന്ന മഹാപ്രശിക്ഷണ്‍ അഭിയാന്‍ ബിജെപി ആരംഭിച്ചു. പാര്‍ട്ടിയുടെ ഭാവിലക്ഷ്യങ്ങള്‍ നേടുന്നതിനായുള്ള ഏറ്റവും മികച്ച ശ്രമമാണ് പരിശീലന പരിപാടിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജ്യമെമ്പാടുമുള്ള 352 പ്രധാന പ്രവര്‍ത്തകര്‍ ദല്‍ഹിയില്‍ ആരംഭിച്ച പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നു.
ദേശീയ വ്യാപകമായി ബിജെപി നടത്തുന്ന മൂന്നാംഘട്ട പരിപാടിയാണ് പരിശീലന പദ്ധതി. അംഗത്വ വിതരണ പരിപാടിക്കും മഹാജനസമ്പര്‍ക്ക പരിപാടിക്കും ശേഷമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടി തയ്യാറാക്കിയത്. ബിജെപി അംഗത്വമെടുത്ത 11 കോടി പേരെ തെരഞ്ഞെടുപ്പ് വിജയത്തിനായി മാത്രം ഉപയോഗിക്കുകയല്ല, മറിച്ച് അവരെ മികച്ച കാര്യകര്‍ത്താക്കളായി വളര്‍ത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് അമിത് ഷാ പറഞ്ഞു.
പാര്‍ട്ടിയുടെ കാര്യകര്‍ത്താക്കള്‍ പാര്‍ട്ടി ആശയങ്ങളുടെ പ്രചരണവും രാഷ്‌ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകും. ബിജെപി രൂപീകരിച്ചത് വിപ്ലവത്തിനായോ ഏതെങ്കിലും പ്രക്ഷോഭത്തിന്റെ ഭാഗമായോ അല്ല. മറിച്ച് രാഷ്‌ട്രനിര്‍മ്മാണമെന്ന ലക്ഷ്യപൂര്‍ത്തീകരണത്തിനായാണ് ബിജെപിയുടെ രൂപീകരണം. ബിജെപി ഏറ്റെടുത്ത് നടത്തുന്ന പരിപാടികള്‍ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്.പരിശീലന പരിപാടി പാര്‍ട്ടിയെ പുതിയ മേഖലകളിലേക്കും സമൂഹങ്ങളിലേക്കും എത്തിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
നാലുമാസം കൊണ്ട് 15 ലക്ഷത്തിലധികം പാര്‍ട്ടി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതാണ് പദ്ധതി. ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍റാവുവിനാണ് ചുമതല. ഇത്രവലിയ പരിശീലന പദ്ധതി മറ്റൊരു രാഷ്‌ട്രീയപാര്‍ട്ടിക്കും നടത്താനാവില്ലെന്ന് ദേശീയ അധ്യക്ഷന്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലും ജില്ലകളിലും പരിശീലന പരിപാടികള്‍ നടക്കും. ദേശീയ തലത്തില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ കേരളത്തില്‍ നിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍, സംസ്ഥാന സഹസംഘടനാ സെക്രട്ടറി കെ.സുഭാഷ്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ജി.കാശിനാഥ് എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
















