ശ്രീനഗര്‍: ഉന്നത റാങ്ക് നേടിയിട്ടും പണമില്ലാത്തതിനാല്‍ ഐഐടിയില്‍ ചേരാന്‍ കഴിയാതെ വിഷമിച്ച ജമ്മുകശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് തുണയായി കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി.സാഹിദ് അഹമ്മദ് ഖുറേഷിയുടെ പഠനത്തിന് തന്റെ മന്ത്രാലയം സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് സ്മൃതി അറിയിച്ചു.
ഐഐടി എന്‍ട്രന്‍സില്‍ എണ്‍പത്തിയൊന്‍പതാം റാങ്ക് നേടിയ ഖുറേഷിയുടെ കഥ മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. പ്രവേശന കൗണ്‍സിലിങ്ങിന് പതിനായിരം രൂപ ഫീസ് അടയ്‌ക്കണമായിരുന്നു. അതില്ലാത്തതിനാല്‍ സീറ്റ് ഉപേക്ഷിക്കാന്‍ സാഹിദ് തീരുമാനിച്ചെന്നായിരുന്നു വാര്‍ത്ത. ഇതേ തുടര്‍ന്നാണ് കേന്ദ്രമന്ത്രി ഇടപെട്ടതും സഹായം ലഭ്യമാക്കിയതും.
ഭീകരാക്രമണമാണ് സാഹിദിന്റെയും ജീവിതഗതി വഴിമാറ്റിയത്. 1995 ല്‍ കാശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ സാഹിദിന്റെ പിതാവ് കൊല്ലപ്പെട്ടു. ഇതോടെ സാഹിദിനെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൈകളില്‍ ഏല്‍പിച്ച് അമ്മ മറ്റൊരു വിവാഹം കഴിച്ചു. കുപ് വാരയിലെ ഉള്‍നാടന്‍ ഗ്രാമമായ ഡുഡ് വാനില്‍ സാഹിദിനെ വളര്‍ത്താനും പഠിപ്പിക്കാനും ആ വൃദ്ധദമ്പതികള്‍ ഏറെ കഷ്ടതയനുഭവിച്ചു.
മുത്തശ്ശന്‍ അസീസുള്ളാ ഖുറേഷി നടത്തിയിരുന്ന ചെറു ചായക്കടയായിരുന്നു വരുമാനമാര്‍ഗം. ഐഐടി പ്രവേശനം ഉറപ്പിക്കാന്‍ പണം കണ്ടെത്താന്‍ പല വഴി നോക്കിയെങ്കിലും വിഫലമാകുകയായിരുന്നു. വായ്‌പയ്‌ക്കായി ബാങ്കുകളെ സമീപിച്ചെങ്കിലും ആദ്യം അഡ്മിഷന്‍ ലെറ്റര്‍ ഹാജരാക്കാനായിരുന്നു മറുപടി. ഒടുവില്‍ ഐഐടി മോഹം ഉപേക്ഷിച്ച് ബിരുദ കോഴ്‌സിന് ചേരാന്‍ തീരുമാനിച്ചിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ വിളിയെത്തിയത്.
മദ്രാസ് ഐഐടിയാണ് സാഹിദിന്റെ ആദ്യ ചോയിസ്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാകണമെന്നാണ് ആഗ്രഹമെന്നും അടുത്ത ദിവസങ്ങളില്‍ ഐഐടിയില്‍ ചേരാനുള്ള നടപടികള്‍ ആരംഭിക്കുെമന്നും സാഹിദ് പറഞ്ഞു.
നേരത്തെ സ്മൃതി ഇറാനി ഉത്തര്‍പ്രദേശിലെ ദളിത് സഹോദരങ്ങള്‍ക്ക് ഫീസ് ഒഴിവാക്കി ഐഐടി സ്വപ്‌നം സാദ്ധ്യമാക്കിയിരുന്നു.
















