ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസിലെ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയെ മോശമായി
ചിത്രീകരിച്ച പ്രമുഖ വാര്‍ത്ത മാസികയായ ഔട്ട്‌ലുക്ക് വിവാദത്തില്‍.
സ്മിത സബര്‍വാള്‍ എന്ന ഉദ്യോഗസ്ഥയെയാണ് മാസിക തങ്ങളുടെ ഗോസിപ്പ് കോളത്തില്‍ മോശമാക്കി ചിത്രീകരിച്ച് പുലിവാലുപിടിച്ചത്.
മാസികയിലെ ‘ഡീപ് ത്രോട്ട്’ എന്ന കോളത്തില്‍ ‘നോ ബോറിങ് ബാബു’ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. ഉദ്യോഗസ്ഥയുടെ രൂപഭംഗിയെപ്പറ്റിയും എങ്ങനെയാണ് അവരുടെ റാങ്ക് പെട്ടെന്ന് ഉയര്‍ന്നതിനെപ്പറ്റിയും വ്യക്തമാക്കുന്ന ലേഖനത്തില്‍ യുവതിയുടെ രൂപഭംഗിയും അവരുടെ പെട്ടെന്നുള്ള ഉയര്‍ച്ചയും തമ്മില്‍ ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥയുടെ പേരെടുത്ത് പറയാതെ പരാമര്‍ശിച്ചിട്ടുണ്ട്.
ഇതോടൊപ്പം അംഗഭംഗി വെളിവാക്കുന്ന വസ്ത്രം ധരിച്ച് റാന്പിലൂടെ നടക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥയെ നോക്കി കാമറയുമായി നില്‍ക്കുന്ന തെലുങ്കാന മുഖ്യമന്ത്രിയുടേയും, ഹര്‍ഷാരവങ്ങളോടെ ചുറ്റും നില്‍ക്കുന്ന മറ്റ് രാഷ്‌ട്രീയക്കാരുടേയും കാര്‍ട്ടൂണും ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ചു. ഇതേ തുടര്‍ന്ന് മാസികയ്‌ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ഇത്തരത്തിലൊരു ലേഖനം പ്രസിദ്ധീകരിച്ചതിലൂടെ രാജ്യത്തെ എല്ലാ സ്ത്രീകളേയും അപമാനിക്കുകയാണ് ഔട്ട്‌ലുക്ക് ചെയ്തതെന്നും അതിനാല്‍ രാജ്യത്തെ സ്ത്രീകളോട് മാസിക മാപ്പ് പറയണമെന്നും സ്മിത സബര്‍വാള്‍ പറഞ്ഞു. പതിനാല് വര്‍ഷമായി സര്‍വീസിലുള്ള വ്യക്തിയാണ് താന്‍. ആ ലേഖനം തന്നെ വല്ലാതെ വേദനിപ്പിച്ചു. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരുന്ന് ഗൗരവമുള്ള ജോലി ചെയ്യുന്നവര്‍,? പ്രത്യേകിച്ച് സ്ത്രീകള്‍,? ഇത്തരം മഞ്ഞ പത്രപ്രവര്‍ത്തനത്തിന് ഇരയാകുന്നത് അവസാനിപ്പിച്ചേ മതിയാകൂ എന്നും അവര്‍ വ്യക്തമാക്കി.
















