ന്യൂദല്‍ഹി: കല്‍ക്കരി അഴമതിയില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ വെളിപ്പെടുത്തലുകളുമായി മുന്‍ കല്‍ക്കരി സഹമന്ത്രി ദസരി നാരായണ്‍ റാവു. കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനങ്ങള്‍ കൈകൊണ്ടകത് അന്ന് കല്‍ക്കരി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്‍മോഹന്‍ സിംഗായിരുന്നെന്നാണ് നാരായണ്‍ റാവുവിന്റെ വെളിപ്പെടുത്തല്‍. പാട്യാല ഹൗസ് കോടതിക്ക് പുറത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ അക്കാലത്ത് സഹമന്ത്രി മാത്രമായിരുന്നെന്നും എല്ലാ തീരുമാനങ്ങളും അന്ന് പ്രധാനമന്ത്രിയാണ് കൈക്കൊണ്ടതെന്നും റാവു പറഞ്ഞു . സിബിഐ അന്വേഷണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മന്‍ മോഹന്‍സിംഗിനെ കൂടുതല്‍ കുഴപ്പത്തിലാക്കുന്ന വെളിപ്പെടുത്തലാണ് റാവു നടത്തിയിരിക്കുന്നത്.
കല്‍ക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ നവീന്‍ ജിന്‍ഡാലിനൊപ്പം പ്രത്യേക കോടതിയില്‍ മൊഴികൊടുത്ത് മടങ്ങവേയാണ് റാവുവിന്റെ പരാമര്‍ശം. ജിന്‍ഡാലിന്റെ കമ്പനികളായ ജിന്‍ഡാല്‍ സ്റ്റീലിനും ഗഗന്‍ സ്‌പോഞ്ചിനും കല്‍ക്കരി ബ്ലോക്കുകള്‍ അന്യായമായി അനുവദിച്ചു എന്നതാണ് കേസ്. മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോടയും ഈ കേസില്‍ പ്രതിയാണ്.
















