606. പുത്രപൗത്രധനൈശ്വദ്യയശോമംഗളദായിനീഃ – ഷഷ്ഠിദേവിയെ കുടുംബക്ഷേമ കാരിണിയായി 603-ാം നാമത്തില്‍ സ്തുതിച്ചു. ഈ നാമം ആ ആശയത്തെ കൂടുതല്‍ വ്യക്തമാക്കുന്നു. പുത്രര്‍, പൗത്രര്‍, ധനം, യശസ്സ്, മംഗളം എന്നിവ തരുന്നവള്‍. കുടുംബത്തിന്റെ എല്ലാ ഘടകങ്ങളും പരസ്പര പൂരകങ്ങളാണ്. പല ഘടകങ്ങള്‍ സമഞ്ജസമായി സമ്മേളിക്കുമ്പോഴേ കുടുംബക്ഷേമം പൂര്‍ണമാകൂ. പുത്രരെയും പൗത്രരെയും മാത്രമേ എടുത്തു പറഞ്ഞുള്ളുവെങ്കിലും ഉദ്ദേശിക്കുന്നത് പുത്രിമാരും ജാമാതാക്കളും അമ്മമാരും അമ്മൂമ്മമാരും പിതാക്കളും പിതൃവര്യരും പിതാമഹരും ഭൃത്യരും കന്നുകാലികളും ചെടികളും വള്ളികളും എല്ലാം ചേര്‍ന്ന കുടുംബസംവിധാനമാണ്. എല്ലാ കുടുംബബന്ധങ്ങളും നിലനില്‍ക്കണമെങ്കില്‍ ധനവും ഐശ്വര്യവും കൂടിയേ കഴിയൂ. ഇതെല്ലാം ഉണ്ടായാലും അതു മറ്റുള്ളവര്‍ക്കു ബോദ്ധ്യമാകണമെങ്കില്‍ യശസ്സു കൂടിയേ കഴിയൂ. ഇതെല്ലാം ഒത്തുചേരുന്ന അവസ്ഥയാണു മംഗളം. മംഗളം തരുന്നവളായി ദേവിയെ നാമം സ്തുതിക്കുന്നു.
601 മുതല്‍ 606 വരെയുള്ള നാമങ്ങള്‍ മൂകാംബികാദേവിയെ ഷഷ്ഠിദേവിയായി അവതരിപ്പിക്കുന്നു.
607. ഭൂമിഃ – ഭൂമീ ദേവി. നമ്മുടെയെല്ലാം ആശ്രയവും ആസ്ഥാനവുമാണ് ഭൂമി. ഭൂമിഃ എന്ന പദത്തെ ബ്രഹ്മവൈവര്‍ത്തകപുരാണം നിര്‍വചിക്കുന്നത്. ”ഭവനം യത്ര സര്‍വേഷാം ഭൂമിസ്‌തേന പ്രകീര്‍ത്തിതാ” (എല്ലാത്തിനും ഭവനമായത് ഏതാണോ അത് ഭൂമി എന്നു കീര്‍ത്തിക്കപ്പെടുന്നു) എന്നാണ്. ”ഭൂതത്വാദ് ഭൂമിഃ” (ഭവിച്ചതാകയാല്‍ ഭൂമി) എന്ന് ബ്രഹ്മാണ്ഡപുരാണം. ”ഭവന്തി അസ്മിന്‍ ഭൂതാനി” (ജീവികള്‍ ഇതില്‍ ഭവിക്കുന്നതിനാല്‍ ഭൂമി) എന്നും നിര്‍വചിക്കാം. (സംസ്‌കൃത ഭാഷയില്‍ ഭൂമിഃ എന്നും ”ഭൂമീ എന്നും രൂപമുണ്ട്.
മനുഷ്യര്‍ ചെയ്യുന്ന ഉപദ്രവങ്ങളെ സന്തോഷത്തോടെ സഹിച്ച് എല്ലാ മനുഷ്യര്‍ക്കും പാര്‍പ്പിടവും ആഹാരവും വായുവും മറ്റു സൗകര്യങ്ങളും ക്ഷമയോടെ കൊടുത്തനുഗ്രഹിക്കുന്ന ഭൂമിയായി മൂകാംബികയെ നാമം സ്തുതിക്കുന്നു.
… തുടരും
















