ന്യൂദല്‍ഹി: ദല്‍ഹിയിലെ അഴിമതി വിരുദ്ധ ബ്യൂറോയുടെ തലവനായ എം.കെ മീണയുടെ ഓഫീസ് മുറിയില്‍ നിന്നും റെക്കോഡിംഗ് ഉപകരണം കണ്ടെത്തി. മീനയുടെ ബെഡ്‌റൂമിലാണ് പെന്‍െ്രെഡവിന്റെ രൂപത്തിലുള്ള ഉപകരണം കണ്ടെത്തിയത്.
ശബ്ദം റെക്കോര്‍ഡ് ചെയ്യാനുപയോഗിക്കുന്ന ഉപകരണമാണ് കണ്ടെത്തിയിരിക്കുന്നത്. ആരെങ്കിലും മറന്നുവെച്ചതാണോ അതോ മനപ്പൂര്‍വ്വം വിവരങ്ങള്‍ ചോര്‍ത്താനായി ഇട്ടതാണോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. ഇതിന് ശേഷമാകും കേസ് ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയെന്ന് മീണയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
രഹസ്യക്യമാറകളും ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതും ഉള്‍പ്പെടെയുള്ള ചാരഉപകരണങ്ങള്‍ വാങ്ങാനുള്ള ആം ആദ്മി സര്‍ക്കാരിന്റെ തീരുമാനം ഏറെ വിവാദമുണ്ടാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് സംഭവം.
ദല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണറായിരുന്ന എം.കെ മീണയ്‌ക്ക് അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അധികചുമതല നല്‍കിയ ലഫ്. ഗവര്‍ണറുടെ തീരുമാനത്തെ തുടര്‍ന്ന് ദല്‍ഫി ലഫ്റ്റനന്റ് ഗവര്‍ണറും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും തര്‍ക്കമുണ്ടായിരുന്നു.
മീണയുടെ ധൃതിപിടിച്ചുളള നിയമനത്തില്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയുടെ പ്രതികരണം.
















