മാധുര്യമൂറുന്ന മലയാളഭാഷയെ അതിമധുരത്തോടെ അവതരിപ്പിച്ചു ഭാഷാസംസ്കാരമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള ലളിത പദ്ധതികളുമായി പ്രവര്‍ത്തിച്ചു വരുന്ന ഭാഷാ സ്നേഹിയായ സാമൂഹ്യ-സാംസ്കാരിക- സാഹിത്യ പ്രവര്ത്തകന് എഴുപതിന്റെ നിറവില്‍. സപ്തതി ആഘോഷനിറവിലും യൗവനത്തിന്റെ ചുറുചുറുക്കോടെ ലോകം മുഴുവന്‍ മലയാളത്തിന്റെ മാധുര്യം എല്ലാവരിലുമെത്തിക്കാന്‍ ഓടിനടക്കുന്ന പയ്യന്നൂരിലെ ടി.പിഭാസ്കര പൊതുവാളാണ് ഈ ഭാഷാസ്നേഹി.
സ്വന്തം വീട് തന്നെ ഒരു ഗുരുകുലമാക്കി, സ്വന്തമായുണ്ടാക്കിയ പാഠ്യപദ്ധതിയുമായി ഭാഷയിലൂടെ കുരുന്നുകള്‍ക്ക് അറിവിന്റെ മഹത്വവും സംസ്കാരത്തിന്റെ മേന്മയും അവിടെ സ്വായത്തമാവുന്നു. 50 കൊല്ലം മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ച ഭാസ്കരന് മാസ്റ്റര്‍ തന്റെ ദീര്‍ഘനാളത്തെ അധ്യാപകജീവിതത്തില്‍ നിന്ന് ജീവിതവിജയത്തിനു നേടിയ അനുഭവങ്ങളാണ് ഏറ്റവും വലിയ പാഠപുസ്തകമെന്ന് തിരിച്ചറിഞ്ഞു.
അറിവും തിരിച്ചറിവും നേടുന്ന വിദ്യാഭ്യാസമാണ് ഇവിടുത്തെ പ്രത്യേകത. ബാല്യത്തിന്റെ നിഷ്കളങ്കതയില്‍ നിന്ന് വിദ്യാഭ്യാസം തുടങ്ങാന്‍ കളിമുറ്റം എന്ന പരിപാടിയാണ് ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യം സ്വയം അറിയുക. പരസ്പരം അറിയുക,നാട് അറിയുക നാട്ടാരെ അറിയുക ,നാടിന്നകം-നാടകം എന്ന ലക്ഷ്യവുമായി ഒരു കൂട്ടം കുട്ടികളെ തീര്‍ത്തും അപരിചിതമായ വീടുകളിലേക്ക് സ്വന്തം വീട്ടിലേക്കെന്നപോലെ കൂടികൊണ്ടുപോകുന്ന പരിപാടിയാണിത്. അപരിചിതമായ വീടുകളില്‍ ചെന്ന് ആതിഥേയരായി എങ്ങനെ തിരിച്ചുവരാം എന്നതാണ് കളിമുറ്റം പരിപാടി.
ഭാഷയുടെയും സംസ്കാരത്തിന്റെയും കാത്തുസൂക്ഷിപ്പിനു വേണ്ടിയുള്ള മധുരം മധുരം മലയാളം പരിപാടിയാണ് ഭാസ്കരന് മാഷിനെ ശ്രദ്ധേയനാക്കുന്നത്. നിലവിളക്ക് കൊളുത്തി മാതൃവന്ദനത്തോടെയാണ് പരിപാടി അരംഭിക്കുന്നത്. കഥയും കവിതയും നാടകവും സമ്മേളിക്കുന ഒരു ദൃശ്യശ്രവ്യവിരുന്ന്. ‘ഏഴു തിരിയിട്ട നിലവിളക്കിന്റെ തിരികള്‍, ഒന്നാം തിരി തെളിക്കുന്ന നേരം എന്‍ ഉള്ളില്‍ മന്ത്രിക്കുന്നു സാന്ത്വനം ,സാന്ത്വനം. രണ്ടാം തിരി കൊളുത്തുന്ന നേരം എന്നമ്മ വാരിപ്പുണരുന്ന സാന്ത്വനം , മൂന്നാം തിരി കൊളുത്തുന്ന നേരം എന്റച്ഛന്റെ കൈവിരല്‍ തുമ്പിലെ സാന്ത്വനം, നാലാം തിരി കൊളുത്തുന്ന നേരം എന്നുള്ളില്‍ ഒരോര്‍മയായി ആചാര്യ സാന്ത്വനം, അച്ഛനും അമ്മയും ആചാര്യരും ചേര്‍ന്ന് ഒരു ഉണ്മയായി തെളിക്കുന്നതഞ്ചാംതിരി, ആരില്‍ നിന്നാണോ പ്രകാശമുള്‍ക്കൊണ്ടത് ആ നേര് വിളംബരം ചെയ്യുന്നിതാറാം തിരി, എഴാംതിരി തെളിച്ചീടുന്ന നേരത്ത് എന്‍ ആത്മബോധത്തിന്റെ തുഞ്ചത്തിരുന്നു ഒരു പൈങ്കിളി പാടുന്നു,
രാമായണ കഥ’ എന്ന് ചൊല്ലിക്കൊണ്ട് ഏഴു കുട്ടികള്‍ ദീപം തെളിയിക്കുന്നതോടെ സദസ്സില്‍ നിന്ന് ഒരു കുട്ടി ശ്രീരാമനാമം ചൊല്ലുന്നു. നിലവിളക്കിനെ സാക്ഷിനിര്‍ത്തി മാതൃവന്ദനംനടത്തി പരിപാടി ആരംഭിക്കും. യാതൊരു ഔപചാരികതയുമില്ലതെ സദസ്സിന്റെ മനസ്സറിഞ്ഞു നടക്കുന്ന പരിപാടി. പഠിപ്പിക്കുന്നവനല്ല, പഠിക്കുന്നവനാണ് അധ്യാപകന് എന്ന തിരിച്ചറിവിലൂടെ തയ്യാറാക്കിയ പാഠ്യപദ്ധതിയിലൂടെ മൂന്ന് മണിക്കൂര്‍ നീളുന്ന അക്ഷര യാത്ര. പ്രയഭേദമില്ലാതെ,പണ്ഡിതപാമര ഭേദങ്ങളില്ലാതെ കളിച്ചും ചിരിച്ചും ഭാഷയുടെ മധുരം ആസ്വദിച്ചും നമ്മളറിയാതെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അറിവുകള്‍ നമ്മിലെക്കെത്തുന്നു. അടച്ചിട്ട ക്ലാസ്സ് മുറികളുടെ അലോസരമില്ലാതെ തികച്ചും പ്രസന്നമായ അന്തരീക്ഷത്തില്‍ വ്യതസ്തമായ ഒരു പഠനരീതി .
മാധുര്യമൂറുന്ന രീതിയില്‍ മലയാള ഭാഷയെ പുതുതലമുറയിലേക്കു എത്തിക്കുക മാത്രമല്ല മാഷിന്റെ പ്രവര്‍ത്തനം. മലയാളത്തിലെ മികച്ച സാഹിത്യകാരന്മാരെയും കലകാരന്മാരെയം തന്റെ വീട്ടില്‍ വരുത്തി സല്‍ക്കരിച്ച് അവരെ ആദരിക്കുന്ന മാഷിന്റെ വീട്ടില്‍ എത്താത്ത സാംസ്കാരിക നായകന്മാര് ഇന്ന് കേരളത്തിലില്ല. മാസ്റ്ററുടെ നേതൃത്വത്തില്‍ നടക്കുന്ന മലയാള ഭാഷാ പാഠശാല ഏര്‍പ്പെടുത്തിയ മലയാള സാഹിത്യകാരന്മാര്‍ക്കുള്ള സഞ്ജയന് അവാര്‍ഡ് – ചെമ്മനം ചാക്കോ, ഒ.എന്‍.വി, അക്കിത്തം, വിഷ്ണു നാരായണന് നമ്പൂതിരി, സുഗതകുമാരി, പി.കെ. ഗോപി, വി. മധുസൂദനന് നായര്‍, സുകുമാര്‍ അഴീക്കോട് തുടങ്ങി നിരവധി മഹാരഥന്മാര് ഏറ്റുവാങ്ങിയിട്ടുണ്ട്. മികച്ച നോവലിനുള്ള ഒ. ചന്തുമേനോന്‍ അവാര്‍ഡ് എം.ടി, എം. മുകുന്ദന്, പി. വത്സല, ടി.പത്മനാഭന്, പെരുമ്പടവം ശ്രീധരന്, സി.രാധാകൃഷ്ണന് കെ.പി.രാമനുണ്ണി തുടങ്ങിയവരും സമഗ്ര സംഭാവനയ്ക്കുള്ള കെ.ടി. മുഹമ്മദ് അവാര്‍ഡ് അടൂര്‍, നെടുമുടി വേണു, സൂര്യ കൃഷ്ണമൂര്‍ത്തി, വി.പി.ധനഞ്ജയന്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിവരും ഏറ്റുവാങ്ങി.
ഭാഷാസ്നേഹിയായ ഭാസ്കരന് മാഷിനെ തേടിയും നിരവധി പുരസ്കാരങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 1998 ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും ബംഗളൂരു ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ അക്ഷരസേവ നാഷണല്‍ അവാര്‍ഡും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ അക്ഷരശ്രീ അവാര്‍ഡും 2015ല്‍ മലയാളം മിഷന് ഒമാന്‍ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഭാഷാ തിലക് പുരസ്കാരവും പയ്യനൂര് പെരുമയുടെ ഭാഷാപ്രതിഭ പുരസ്കാരവും മാസ്റ്റര്‍ക്ക് ലഭിച്ച അംഗീകാരങ്ങളില്‍ ചിലത് മാത്രം.
കേരളത്തില്‍ നൂറുകണക്കിന് വേദികളില്‍ അവതരിപ്പിച്ച മധുരം മധുരം മലയാളം പരിപാടി ദുബായ്, ബഹറിന്‍ അബുദാബി, തുടങ്ങിയ വിദേശ രാജ്യങ്ങളിലും ദില്ലി, മുംബൈ, ചെന്നൈ, ഗോവ തുടങ്ങിയ നഗരങ്ങളിലും അവതരിപ്പിച്ചു. മികച്ച നാടകകൃത്തും സംവിധായകനുമായ ഭാസ്കരന് മാസ്റ്റര്‍ 20ല്‍ പരം നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തു. ആയിരത്തിലധികം വേദികളില്‍ അവതരിപ്പിച്ച ഉദയസംക്രാന്തി, തിത്തിരിപക്ഷിയുടെ സ്വപ്നം, ഏഷ്യാഡ്82, മൃത്യുനിലയം, ബറാബാസ് തുടങ്ങിയവ പ്രധാന നാടകങ്ങളാണ് .
എ.വി.രാമപ്പൊതുവാളിന്റെയും പുത്തലത്ത് മാണിക്കമ്മയുടെയും മകനായി പയ്യന്നൂര്‍ കൈതപ്രത്താണ് ഭാസ്കരന്‍മാസ്റ്റര്‍ ജനിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരന് പരേതനായ ടി.പി.എന്‍ കൈതപ്രം ദേശീയ അധ്യാപക അവാര്‍ഡ് ജേതാവാണ്. രാഘവ പൊതുവാള്, ദാമോദര പൊതുവാള്, രാജലക്ഷ്മി എന്നിവരാണ് മറ്റുസഹോദരങ്ങള്‍. ഭാര്യ എ.വി.ജാനകിയോടും മക്കളായ ബിന്ദു, ബിജു എന്നിവരോടൊപ്പം പയ്യന്നൂര്‍ അന്നൂരില്‍ താമസിച്ചു വരുന്നു. ഇന്ന് ഭാസ്കരന് മാസ്റ്ററുടെ സപ്തതി ആഘോഷം പയ്യന്നൂര്‍ അയോധ്യ ഓഡിറ്റോറിയത്തില്‍ പയ്യന്നൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: