അട്ടപ്പാടിയിലെ ആദിവാസിക്ഷേമത്തിനുള്ള ഫണ്ട് ഒരു മുടക്കവും കൂടാതെ ഒഴുകിക്കൊണ്ടിരിക്കണം; സംസ്ഥാനത്തിന്റെതായാലും കേന്ദ്രത്തിന്റെതായാലും. അക്കാര്യം ഉറപ്പുവരുത്താനാണ് തൃശൂര്‍ക്കാരനായ ഒരു ജോസഫ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത് എന്നാണ് പത്രവാര്‍ത്തകളില്‍നിന്നു മനസ്സിലായത്. ഇതുകേട്ടാല്‍ തോന്നും ഫണ്ടിന്റെ കുറവുകൊണ്ടാണ് അട്ടപ്പാടിയിലെ ആദിവാസികള്‍ വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നതെന്ന്.
അട്ടപ്പാടിയിലേക്ക് വിവിധ പാക്കേജുകളിലായി രണ്ടുവര്‍ഷമായി ധാരാളം ഫണ്ടുകളെത്തി; കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും. എന്നിട്ടും നവജാത ശിശുമരണം ഇപ്പോഴും തുടരുന്നു. അരിവാള്‍ രോഗം, ക്ഷയം, കാന്‍സര്‍, വിളര്‍ച്ച, വന്ധ്യത തുടങ്ങിയ രോഗങ്ങളാല്‍ ആദിവാസികള്‍ വലയുന്നു. 30-40 ശതമാനം ആദിവാസി ദമ്പതികള്‍ക്ക് കുട്ടികളില്ല. ഫണ്ടുകളുടെ നല്ലൊരു ശതമാനവും ഡോക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്‌പെഷ്യല്‍ അലവന്‍സ് കൊടുക്കാനും അവരുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും കെട്ടിടം പണിയാനുമൊക്കെയാണു ചെലവാക്കുന്നത്.
അങ്കണവാടി പ്രവര്‍ത്തകരും ആശവര്‍ക്കര്‍മാരും പ്രമോട്ടര്‍മാരും പിന്നെ ആരോഗ്യവകുപ്പു ജീവനക്കാരുമായി നൂറുകണക്കിനു ഗുളികകളും വിതരണം നടത്തുന്നു. ഈ പ്രക്രിയ 12 പഞ്ചവത്സര പദ്ധതികളിലായി നടന്നുപോരുന്നു. എന്നിട്ടും ആദിവാസികള്‍ ദുരിതത്തില്‍ തന്നെ. വീണ്ടും ഫണ്ടൊഴുക്കാനുള്ള പദ്ധതികള്‍ ആരോഗ്യവകുപ്പ് കേസിനെ തുടര്‍ന്ന് ഹൈക്കോടതിയെ അറിയിച്ചു. കൂടുതലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവല്‍ക്കരണത്തിനും! കേസുകൊടുത്ത ജോസഫ് ഹാപ്പി….ആദിവാസി മാത്രം അണ്‍ഹാപ്പി.
കെ.വി.സുഗതന്‍, ആലപ്പുഴ
















