ന്യൂദല്‍ഹി:വിവാദ പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ വിദേശ ഉദ്യോഗസ്ഥനെ ദല്‍ഹി വിമാനത്താവളത്തില്‍നിന്നും മടക്കി അയച്ചു.ആസ്ട്രേലിയന്‍ പൗരത്വമുള്ള ആരോണ്‍ ഗ്രേബ്ലോക്കിനെയാണ് എമിഗ്രേഷന്‍ വിഭാഗം തിരിച്ചയച്ചത്. ക്വാലാലംപൂരിലേക്ക് മടക്കിവിട്ട ആരോണിന്റെ പാസ്പോര്ട്ടുകള് അവിടെവച്ചാണ് തിരികെ കൊടുത്തത്.ഗ്രീന്‍പീസിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ നടപടികളുടെ ഭാഗമായാണ് ആരോണിനെ മടക്കി അയച്ചതെന്നാണ് വിവരം.
ഗ്രീന്‍പീസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് ആരോണ്‍ ദല്‍ഹിയിലെത്തിയത്. എന്നാല്‍ ഗ്രീന്‍പീസ് ഇന്ത്യയ്ക്ക് ലഭിക്കുന്ന വിദേശ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള ഗ്രീന്‍പീസിന്റെ എഫ്സിആര്‍ഐ അക്കൗണ്ടുകളും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. വിദേശ ഇടപെടലുകള്‍ക്കെതിരായ നടപടി തുടരുമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാരെന്ന് പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
ഗ്രീന്‍പീസിന്റെ വിദേശികളായ ഉദ്യോഗസ്ഥരെ രാജ്യത്തു പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ടോയെന്ന് ഗ്രീന്‍പീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ചോദിച്ചു. മതിയായ ബിസിനസ് വിസയിലെത്തിയ ആരോണിനെ മലേഷ്യന്‍ തലസ്ഥാനത്തേക്ക് മടക്കിയക്കുകയും പാസ്പോര്‍ട്ട് പിടിച്ചുവെയ്ക്കുകയും ചെയ്തു. ക്വാലാലംപൂരിലെത്തിയശേഷം മാത്രമാണ് ആരോണിന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കിയത്, ഗ്രീന്‍പീസ് പ്രോഗ്രാം ഡയറക്ടര്‍ ദിവ്യ രഘുനന്ദന് പറഞ്ഞു. സംഭവത്തെപ്പറ്റി പരിശോധിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയ വക്താവ് കെ.എസ് ദത്വാലിയ പ്രതികരിച്ചിട്ടുണ്ട്.
ഏപ്രില്‍ മാസത്തിലാണ് വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത് ഗ്രീന്‍പീസിന്റെ ചില ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. രാജ്യത്തെ നിരവധി വികസന പദ്ധതികള്‍ വൈകുന്നതിന് കാരണം ഗ്രീന്‍പീസിന്റെ ധനസഹായത്തോടെ നടക്കുന്ന സമരങ്ങളും പ്രക്ഷോഭങ്ങളുമാണെന്ന കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രീന്‍പീസിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയരാതിരിക്കാന്‍ ഗ്രീന്പീസുള്പ്പെടെയുള്ള പരിസ്ഥിതി സംഘടനകള്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
















