ന്യൂദല്‍ഹി:കള്ളപ്പണം വീണ്ടെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ ഫലം കണ്ടുതുടങ്ങി. ഭാരതീയരുടെ കള്ളപ്പണനിക്ഷേപത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കാമെന്ന് ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, സൈപ്രസ്, ജേഴ്‌സി തുടങ്ങിയ രാജ്യങ്ങള്‍കൂടി സമ്മതിച്ചു. ഭാരതസര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. വിദേശത്തെ അനധികൃത നിക്ഷേപത്തെക്കുറിച്ച് സ്വമേധയാ വിവരം നല്‍കാനുള്ള പദ്ധതികളും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറാന്‍ വിവിധ രാജ്യങ്ങള്‍ സന്നദ്ധരാകുമ്പോള്‍ സ്വയം വെളിപ്പെടുത്തല്‍ പദ്ധതി ഉപയോഗപ്പെടുത്താന്‍ കൂടുതല്‍ പേര്‍ രംഗത്തെത്തുമെന്നാണ് അധികൃതരുടെപ്രതീക്ഷ. വിവരങ്ങള്‍ ദുരുപയോഗപ്പെടുത്തുകയോ, വിവരം തരുന്നവര്‍ക്കുനേരെ ഉപയോഗിക്കുകയോ ഇല്ലെന്ന് ഉറപ്പാക്കുന്ന രീതിയിലാകും ചട്ടങ്ങള്‍.
ആറുമാസം കാലാവധി നല്‍കിയാകും ചട്ട രൂപീകരണം. ഇതിനായി ദല്‍ഹിയിലും മുംബൈയിലും രണ്ട് ഉദ്യോഗസ്ഥരെ നിയോഗിക്കും. കമ്മീഷണര്‍ റാങ്കിലുള്ള ഇവര്‍ക്കാകും പദ്ധതി നടത്തിപ്പിന്റെ ചുമതല. ഇവര്‍ക്കുകീഴില്‍ രാജ്യത്തെ രണ്ടുമേഖലകളാക്കി തിരിക്കും. ഈ സ്ഥാനത്തേക്ക് അഴിമതിരഹിത പ്രതിച്ഛായയുള്ള കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.നിക്ഷേപകര്‍ക്ക് ചോദ്യോത്തര രൂപത്തിലുള്ള ഫോറം നല്‍കിയാകും വിവരശേഖരണം.
ഏപ്രിലില്‍ നിലവില്‍വന്ന നിയമമനുസരിച്ച് കള്ളപ്പണം വെളിപ്പെടുത്താത്തതും മറച്ചുവയ്‌ക്കുന്നതും പത്തുവര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റമാണ്. അതുകൊണ്ടുതന്നെ വ്യക്തിഗത നിക്ഷേപകരെയാണ് ഈ ചട്ടത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
















