ന്യൂദല്‍ഹി:ദ്രവീകരിച്ച പ്രകൃതി വാതകത്തിന്റെ (എല്‍എന്‍ജി) വിലകുറയ്ക്കുന്നതിനായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ഖത്തറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി. ശനിയാഴ്ച വിയന്നയില്‍ നടന്ന ഒപിഇസി അന്താരാഷ്ട്ര ഉച്ചകോടിയ്ക്കിടെ ഖത്തര്‍ ഊര്‍ജ്ജവകുപ്പ് മന്ത്രി മുഹമ്മദ് സലേഹ് അബുദുള്ള അല്‍ സദയുമായി നടത്തിയ ചര്‍ച്ചയിലാണ് എല്‍എന്‍ജിയുടെ വിലകുറയ്ക്കണമെന്ന് ഭാരതം ആവശ്യപ്പെട്ടത്.
ഭാരതം ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും ഖത്തറില്‍ നിന്നാണ്. എണ്ണക്കമ്പനികള്‍ സഹകരിക്കുകയാണെങ്കില്‍ വിലയില്‍ രമ്യതയിലെത്താന്‍ തയ്യാറാണെന്ന് ഖത്തര്‍ മന്ത്രാലയം ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഖത്തറുമായുള്ള എണ്ണ ഇറക്കുമതിക്കരാര്‍ 25 വര്‍ഷമായി നിലനില്‍ക്കുന്നതാണ്.പ്രതിവര്‍ഷം 4.5 ദശലക്ഷം ടണ്‍ എല്‍എന്‍ജിയാണ് ഭാരതത്തില്‍ ഇറക്കുമതി ചെയ്യുന്നത്.
പത്തുലക്ഷം ബ്രിട്ടീഷ് തെര്‍മ്മല്‍ യൂണിറ്റിന് 13 യുഎസ് ഡോളര്‍ എന്ന നിരക്കിലാണ് ഭാരതത്തിലെ പ്രമുഖ കമ്പനികളായ പെട്രോനെറ്റ് എല്‍എന്‍ജി, സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗെയില്‍, ഒഎന്‍ജിസി, ഐഒസി, ബിപിസിഎല്‍ എന്നിവ ഖത്തറിലെ റാസ് ഹാസില്‍ നിന്നും എല്‍എന്‍ജി വാങ്ങുന്നത്. എണ്ണയ്ക്ക് കൂടിയ വില നല്കേണ്ടതിനാല് ഭാരതത്തിലെ വ്യവസായസ്ഥാപനങ്ങള്‍ ഇവയ്ക്കു പകരം നാഫ്ത, ഫ്യുവല്‍ ഓയില്‍ എന്നിവയുടെ ഉപയോഗത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2004ല്‍ ഖത്തറുമായുള്ള ഇറക്കുമതിക്കരാറില്‍ പെട്രോനെറ്റ് ഒപ്പുവെച്ചതാണ്. വില വര്‍ധനയെ തുടര്‍ന്ന് ഇറക്കുമതിയില്‍ 10 ശതമാനം ഇളവ് നല്‍കണമെന്ന് പെട്രോനെറ്റ് ഈവര്‍ഷം ഖത്തറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: