ന്യൂദല്‍ഹി: നെസ്ലെയുടെ ഉല്‍പ്പന്നമായ മാഗി ന്യൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് ബേബി ഫുഡുകള്‍ക്കു വിലക്കേര്‍പ്പെടുത്താനൊരുങ്ങുന്നു. മരുന്നുകളും സിറപ്പുകളും മാത്രം മെഡിക്കല്‍ ഷോപ്പുകളില്‍ വിറ്റഴിച്ചാല്‍ മതിയെന്നാണ് വകുപ്പിന്റെ നിര്‍ദ്ദേശം. ഇതോടെ ഫാര്‍മസികളില്‍ ഇനി ബേബി പുഡുകള് കണ്ടേക്കില്ല.
മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ബേബി ഫുഡും മറ്റും വാങ്ങിക്കുന്നത് ഇവിടെ നിന്നും ലഭിക്കുന്നതെല്ലാം ആരോഗ്യത്തിന് ഗുണകരമാണെന്ന തോന്നല്‍ ആളുകളില്‍ ഉള്ളതു കൊണ്ടാണെന്ന് കേന്ദ്രമന്ത്രി ഹന്‍സ് രാജ് ഗംഗാറാം ആഹിര്‍ പറഞ്ഞു.
കുട്ടികളേറ്റവും കൂടുതല്‍ താല്പര്യത്തോടെ വാങ്ങിച്ചിരുന്ന മാഗിയുടെ കാര്യത്തില്‍ സംഭവിച്ചതെന്താണെന്ന് നമ്മുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്. അതുകൊണ്ട് തന്നെ ഇവയൊന്നും മെഡിക്കല്‍ ഷോപ്പുകളില്‍ വില്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
നെസ്ലെ ഉല്‍പ്പന്നങ്ങളായ സിര്ലാക്കും നെസ്റ്റ്യൂമും, ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റെ ബേബി സോപ്പും ഓയിലുകളും, മറ്റു കമ്പനികളുടെ ഉല്‍പ്പന്നങ്ങളും മെഡിക്കല്‍ ഷോപ്പുകളില്‍ വില്‍പ്പനയ്ക്ക് വയ്ക്കരുതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതു കൂടാതെ ബോഡി ബില്‍ഡിംഗിന് ഉതകുന്ന പോഷകഹാരങ്ങളും ഷോപ്പുകളില്‍ നിന്നൊഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ കൊണ്ടു വരാന്‍ പദ്ധതിയിടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച്ച സുരക്ഷിതമല്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും കാണിച്ച് ഭഷ്യ സുരക്ഷ വ്യവസ്ഥാപകമായ എഫ്എസ്എസ്എഐ മാഗിയെ നിരോധിച്ചിരുന്നു.
അതേസമയം ഇന്ത്യന്‍ വിപണികളില്‍ നിന്ന് തങ്ങള്‍ പിന്‍വാങ്ങുകയാണെന്നും സുരക്ഷിതമാണെന്ന് തെളിയിച്ച ശേഷം വിപണികളില്‍ തിരികെയെത്തുമെന്നും നെസ്ലെ പറയുന്നു.
















