ന്യൂദല്‍ഹി/ധാക്ക: നാലുപതിറ്റാണ്ടായി തുടര്‍ന്ന ഭാരത-ബംഗ്ലാദേശ് അതിര്‍ത്തി പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ട് ഇരുരാജ്യങ്ങളും തമ്മിലെ അതിര്‍ത്തി പുനര്നിര്ണ്ണയകരാര് യാഥാര്‍ത്ഥ്യമായി. 4000 കിലോമീറ്റര്‍ നീളുന്ന അതിര്‍ത്തിയിലെ 161 അന്യരാജ്യഗ്രാമങ്ങള്ക്ക് ഇതോടെ സ്വന്തംനാട് ലഭ്യമായി. ബംഗ്ലാദേശിന്റെ കൈവശമിരുന്ന ഭാരത പൗരന്മാര് അധികമുള്ള പശ്ചിബംഗാളിലെ കൂച്ച്ബിഹാര്‍ അടക്കമുള്ള പ്രദേശങ്ങള്‍ കരാര്‍ പ്രാബല്യത്തിലായതോടെ ആഘോഷത്തിമിര്‍പ്പിലായി.മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ത്രിവര്‍ണ്ണ പതാകയേന്തി ഘോഷയാത്ര നടത്തിയും അവര്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ ആദ്യദിവസം സൗഹൃദത്തിന്റെ ബസ് സര്‍വീസുകള്‍ തുടങ്ങിയും 1,800 കോടിരൂപയുടെ വായ്പ നല്‍കിയും അയല്‍രാജ്യവുമായുള്ള ബന്ധം ഭാരതം ഊഷ്മളമാക്കി. മനുഷ്യക്കടത്ത്, വ്യാജ ഭാരത കറന്‍സി നോട്ടുകളുടെ അച്ചടി എന്നിവ തടയല്‍, തീരദേശ സുരക്ഷ തുടങ്ങി മൂന്നു സുപ്രധാന കരാറുകളും ഇരുരാഷ്ട്രങ്ങളും ഒപ്പുവെച്ചു. വിവിധ മേഖലകളിലെ 22 കരാറുകളാണ് യാഥാര്‍ത്ഥ്യമായത്. ചരക്കു ഗതാഗത, റെയില്‍ പദ്ധതികള്‍ ഇവയില്‍ പ്രധാനപ്പെട്ടവ.
ബംഗ്ലാദേശിന് ഭാരതം നല്കുന്ന വൈദ്യുതിയുടെ അളവ് രണ്ടുവര്‍ഷത്തിനുള്ളില്‍ 500 മെഗാവാട്ടില്‍നിന്നും 1100 മെഗാവാട്ടാക്കി ഉയര്‍ത്തും. 1320 മെഗാവാട്ടിന്റെ രാംപാല്‍ പവര്‍ പ്രോജക്ടും പുരോഗതിയിലാണ്. റോഡ്, റെയില്‍, നദികള്‍, കടല്‍, സംപ്രേക്ഷണ ശൃംഖല, പെട്രോളിയം പൈപ്പ്ലൈനുകള്, ഡിജിറ്റലൈസേഷന് എന്നീ മേഖലകളിലെല്ലാം ബംഗ്ലാദേശുമായുള്ള സഹകരണം വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഭാരത പാര്‍ലമെന്റ് അംഗീകാരം നല്‍കിയതോടെ അതിര്‍ത്തി കരാര്‍ യാഥാര്‍ത്ഥ്യമായെന്നും ഭാരത- ബംഗ്ലാദേശ് അതിര്‍ത്തികള്‍ സുരക്ഷിതമാകുന്നതോടെ ജനജീവിതം സുരക്ഷിതമായെന്നാണ് അര്‍ത്ഥമെന്നും മോദി പറഞ്ഞു.
തീരദേശ അതിര്‍ത്തികള്‍ സംബന്ധിച്ച കരാറിലും ധാരണയിലെത്തിയിട്ടുണ്ട്. വ്യാപാര,ഗതാഗത കരാറുകളും ഭാരതവും ബംഗ്ലാദേശും പുതുക്കി. തീരദേശ ഷിപ്പിംഗ് കരാര്‍ ഉഭയകക്ഷി വ്യാപാരത്തെ പ്രോത്സാഹിപ്പിക്കും. ബംഗ്ലാദേശിലെ ഇക്കണോമിക് സോണുകള്‍ അവിടത്തെ ഭാരത നിക്ഷേപം വര്‍ധിപ്പിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സാമ്പത്തികകവാടങ്ങള് ബംഗ്ലാദേശിനുമുന്നില് തുറന്നിടുകയാണ്. ഇതുവഴി ദക്ഷിണേഷ്യയുമായും കിഴക്കുമായും രണ്ടു പേര്‍ക്കും കൂടുതല്‍ അടുക്കാനാകും. 2021, 2041 എന്നീ ദൗത്യവുമായി മുന്നോട്ടുപോകുന്ന ബംഗ്ലാദേശിന് ഭാരതം എല്ലാ പിന്തുണയും നല്കുന്നു, മോദി-ഷെയ്ക് ഹസീന സംയുക്ത പ്രസ്താവനയില്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ധാക്ക വിമാനത്താവളത്തിലെത്തിയ മോദിയെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ മറികടന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന എത്തിയത് ശ്രദ്ധേയമായി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രധാനമന്ത്രി മോദിക്കൊപ്പം ദ്വിദിന സന്ദര്‍ശനത്തിനായി ധാക്കയിലുണ്ട്.
കൊല്‍ക്കത്ത-അഗര്‍ത്തല-ധാക്ക, ധാക്ക-ഷില്ലോങ്- ഗുവാഹതി ബസ് സര്‍വീസുകളും ഇരുപ്രധാനമന്ത്രിമാരും ഫഌഗ് ഓഫ് ചെയ്തു. ബംഗ്ലാദേശ് യുദ്ധസ്മാരകവും വംഗബന്ധു സ്മാരകവും മോദി സന്ദര്‍ശിച്ചു. ഇന്ന് ധാക്കേശ്വരി ക്ഷേത്രത്തിലും രാമകൃഷ്ണ മിഷനിലും മോദി സന്ദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: