കൊച്ചി: തനതു വരുമാനത്തിന്റെ വര്‍ധനയില്‍ കൊച്ചി കോര്പ്പറേഷന് പിന്നോക്കം പോയെന്നു അഞ്ചാം ധനകാര്യ കമ്മീഷന്റെ വിലയിരുത്തല്‍. നികുതി, നികുതിയിതര വരുമാനങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തിലോ യഥാസമയം പിരിച്ചെടുക്കുന്നതിലോ കോര്പറേഷന് വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ല. ഇന്നലെ കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കമ്മീഷന്റെ രണ്ടാംദിന സിറ്റിംഗിലാണ് ഈ പരാമര്‍ശമുണ്ടായത്.
കോര്പറേഷന് ഉദ്ദേശിച്ചപോലെയല്ല കാര്യങ്ങള്‍ മുന്നോട്ടു പോയത്. വാടകയിനത്തിലുള്ള വര്‍ധന പ്രത്യേകിച്ചും ഹാളുകള്‍, മള്‍ട്ടിപ്ലക്സുകള്‍, തീയേറ്ററുകള്‍ എന്നിവയും യൂസര്‍ നിരക്കുകളും കാര്യമായി വര്‍ധിപ്പിച്ചുകൊണ്ട് വരുമാന സമാഹരണത്തിന് ഒരു നടപടിയും കോര്പറേഷന് സ്വീകരിച്ചില്ല. ഇതിനൊപ്പം വസ്തുനികുതി, പരസ്യനികുതി, പ്രൊഫഷണല്‍ നികുതി എന്നിവ വേണ്ടത്ര പിരിക്കാന്‍ കഴിഞ്ഞിട്ടില്ല. അഭിഭാഷകരില്‍ നിന്ന് നികുതി വേണ്ടത്ര ലഭിക്കുന്നില്ലെന്നു കോര്പറേഷന് അധികൃതര്‍ പരാതിപ്പെടുന്നു. കൂടുതലും ജൂനിയര്‍ അഭിഭാഷകരായതിനാലാണ് നികുതി പിരിക്കാന്‍ കഴിയാത്തതെന്നും കോര്പറേഷന് തന്നെ പറയുന്നു. വിനോദനികുതി വര്‍ധിപ്പിക്കണമെന്നു കമ്മീഷന് നിര്‍ദേശിച്ചു.
കോര്‍പറേഷന്റെ പദ്ധതി നടത്തിപ്പും വളരെ മോശമായ സ്ഥിതിയിലാണെന്നു കമ്മീഷന് വിലയിരുത്തുന്നു. മൊത്തം പദ്ധതി വിഹിതത്തിന്റെ 60 ശതമാനവും ഒറ്റമാസം കൊണ്ടു ചെലവഴിച്ചു ചരിത്രം സൃഷ്ടിച്ചു. പന്ത്രണ്ടു മാസക്കാലയളവില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതിച്ചെലവാണ് ഈ രീതിയില്‍ തിടുക്കപ്പെട്ടു പൂര്‍ത്തിയാക്കിയത്. ഇതു പദ്ധതികളുടെ ഗുണനിലവാരത്തെ അങ്ങേയറ്റം ബാധിക്കുമെന്നു കമ്മീഷന് അഭിപ്രായപ്പെട്ടു. കൊച്ചി കോര്‍പറേഷനെ സംബന്ധിച്ചിടത്തോളം നാനാവഴികളില്‍ നിന്നു പലവിധത്തിലുള്ള വായ്പ ലഭിക്കുന്നുണ്ട്. കേന്ദ്രാവിഷ്കൃത ഫണ്ട്, എഡിബി തുടങ്ങിയവയൊക്കെ ഇതില്‍പ്പെടുന്നു. ഇത്തരത്തില്‍ ധാരാളം ഫണ്ട് ലഭിക്കുന്നുണ്ടെങ്കിലും ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്നില്ലെന്നു കമ്മീഷന് ചെയര്മാന് പ്രൊഫ. ബി. എ. പ്രകാശ് പറഞ്ഞു.
അതേസമയം ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കോര്പറേഷന് കാര്യമായ മുന്നേറ്റം കാഴ്ചവച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഖര, ദ്രവ മാലിന്യങ്ങളുടെ സംസ്കരണം, പൊതുമാര്‍ക്കറ്റ് വൃത്തിയാക്കല്‍, കശാപ്പുശാല, പൊതുകക്കൂസ്, തെരുവുകളുടെ നവീകരണം തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ചേരി നിവാസികളുടെ പുനരധിവാസത്തിനായി മട്ടാഞ്ചേരിയിലും ഫോര്‍ട്ടുകൊച്ചിയിലും ഫഌറ്റുകള്‍ പൂര്‍ത്തിയായി വരുകയാണെന്ന് കോര്പറേഷന് അധികൃതര്‍ കമ്മീഷനെ അറിയിച്ചു.
റോള്‍ ഓണ്‍ റോള്‍ ഓഫ് രീതിയിലുള്ള ജങ്കാറുകളും കോര്പറേഷന് തയാറാക്കി വരുകയാണ്. ഇതു സംബന്ധിച്ചു തുറമുഖ അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. വാഹനങ്ങള്‍ ഓടിച്ചുകയറ്റി മുന്നോട്ടുതന്നെ കരയില്‍ ഇറക്കാവുന്ന തരത്തിലുള്ള സംവിധാനമാണിത്.
കോര്‍പ്പറേഷനു തിരുവനന്തപുരത്തിന്റെ അതേ രീതിയില്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അനുദിനം വികസിച്ചുവരുന്ന കൊച്ചി നഗരത്തെ സംബന്ധിച്ചിടത്തോളം മാലിന്യസംസ്കരണം ഭാവിയില്‍ കൂടുതല്‍ പ്രശ്നമാകാന്‍ സാധ്യതയുണ്ട്. ഇതു മുന്നില്‍ക്കണ്ട് സംസ്കരണ ശാലകള്‍ സ്ഥാപിക്കുന്നതിനു കൂടുതല്‍ ഭൂമി ഏറ്റെടുത്തു നല്കാന് സര്‍ക്കാര്‍ മുന്കയൈടുക്കണമെന്നും പലയിടങ്ങളിലും ജനങ്ങളുടെ എതിര്‍പ്പാണു തടസം സൃഷ്ടിക്കുന്നതെന്നും കോര്പറേഷന് വ്യക്തമാക്കി.
കമ്മീഷന് ചെയര്മാന് പ്രൊഫ. ബി. എ. പ്രകാശിനെക്കൂടാതെ കമ്മീഷന് സെക്രട്ടറിയും അംഗവുമായ ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി ടി. കെ. സോമനും സിറ്റിംഗില്‍ പങ്കെടുത്തു. കൊച്ചി കോര്‍പറേഷനെ പ്രതിനിധാനം ചെയ്ത് സെക്രട്ടറി വി. ആര്. രാജു, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗിരിജാദേവി, സൂപ്രണ്ട് വര്‍ഗീസ്, അക്കൗണ്ട് ഓഫീസര്‍ വി. വി. സുധന് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: