ആഗ്ര: നെസ്‌ലേയെന്ന അന്താരാഷ്‌ട്ര കുത്തകയെ വിറപ്പിച്ചത് 98 ബാച്ചിലുള്ള ഫുഡ് ഇന്‍സ്‌പെകടര്‍ സഞ്ജയ് സിങ്. നെസ്‌ലേയുടെ രണ്ടു മിനിറ്റ് നൂഡില്‍സില്‍ മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന രാസവസ്തുക്കള്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് അതിശക്തമായ അന്വേഷണം നടത്തിയത് സഞ്ജയ് സിംഗാണ്. പതിവു പരിശോധനയ്‌ക്കിടെയാണ് മാഗിയിലെ ലെഡിന്റെയും എംഎസ്ജിയുടേയും സാന്നിധ്യം കണ്ടെത്തിയത്. ഇത് ഇത്രവലിയ സംഭവമാകുമെന്നൊന്നും സഞ്ജയ് കരുതിയിരുന്നില്ല.
യുപിയിലെ ബാരാബങ്കിയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്‍സ്‌പെക്ടറാണ് സിങ്. സാമ്പിള്‍ ശേഖരിച്ചതും അവ ലാബിലേക്ക് അയച്ചതും തുടര്‍ നടപടികള്‍ എടുത്തതും എല്ലാം സഞ്ജയ് സിങ് തന്നെ. സിങ്ങിന്റെ സീനിയര്‍ പാണ്ഡെ ഇക്കാര്യത്തില്‍ സഹായിച്ചു.
ഒരു വര്‍ഷമായി സിങ് മാഗിയെ നിരീക്ഷിച്ചുവരികയായിരുന്നു. വകുപ്പിന്റെ ശക്തമായ പിന്തുണ ലഭിച്ചില്ലായിരുന്നെങ്കില്‍ നടപടി സാധ്യമാകുമായിരുന്നില്ല, വിദേശകുത്തകയുടെ കള്ളക്കളി ലോകം അറിയുമായിരുന്നില്ല. സഞ്ജയ് സിങ് തുടര്‍ന്നു.
2014 മാര്‍ച്ച് പത്തിനാണ് ബാരാബങ്കിയിലെ ഒരു കടയില്‍ നിന്ന് മാഗി പായ്‌ക്കറ്റ് എടുത്തത്. അവ ഗോരഖ്പൂരിലെ ലാബിലാണ് അയച്ചത്. ഈ പരിശോധനയിലാണ് മാഗിയില്‍ ലെഡും എംഎസ്ജിയും ഉണ്ടെന്ന് കണ്ടെത്തിയത്. സിംഗ് പറഞ്ഞു.
എന്നാല്‍ ഇത് രണ്ടു തവണയെങ്കിലും ഉറപ്പാക്കാതെ പുറത്തുവിടാന്‍ കഴിയുമായിരുന്നില്ല, എന്തെന്നാല്‍ വന്‍കിട കമ്പനിയാണ് മറുവശത്ത്. അതിനാല്‍ വീണ്ടും സാമ്പിള്‍ ശേഖരിച്ച് മറ്റൊരിടത്ത് പരിശോധനയ്‌ക്ക് അയച്ചു. രണ്ടിടത്തും ഫലം ഒന്നായിരുന്നു. അനുവദനീയമായ അളവിന്റെ എട്ടിരട്ടി ലെഡും അജിനോമോട്ടോയുമാണ് ഇതിലുണ്ടായിരുന്നത്. തുടര്‍ന്ന് വിവരം നെസ്‌ലേയെ അറിയിച്ചു. എന്നാല്‍ അവര്‍ പരിശോധനകളെ വെല്ലുവിളിക്കുകയും കൊല്‍ക്കത്തയിലെ ലാബില്‍ വീണ്ടുമൊരു പരിശോധനയ്‌ക്ക് ആവശ്യപ്പെടുകയുമാണ് ചെയ്തത്.
കൊല്‍ക്കത്തയിലെ ലാബിലും ഇതേ ഫലം തന്നെയാണ് ലഭിച്ചത്. അതോടെ തന്റെ നടപടികളെല്ലാം ശരിയായിരുന്നുവെന്ന് തെളിഞ്ഞു. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ലാബിലെ പരിശോധനയില്‍ മാഗിയില്‍ ലെഡിന്റെ അംശം 17.2 പിപിഎം ആണെന്നായിരുന്നു കണ്ടെത്തല്‍. അതായത് എട്ടിരട്ടി. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ നിയമം 59 (1) വകുപ്പുപ്രകാരം കേസ് എടുത്തു. ആറു മാസം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കുറ്റം തെളിഞ്ഞാലുള്ള ശിക്ഷ.
















