ഇംഫാല്‍: മണിപ്പൂര്‍ ഭീകരാക്രമണത്തിനു കാരണം ഇന്റലിജന്‍സ് ഏജന്‍സിയുടെ ഭാഗത്തുനിന്നുണ്ടായ പിഴവെന്ന് മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്. ഭീകരാക്രമണം ഇന്റലിജന്‍സിന് പാഠമെന്നും സ്വകാര്യ വാര്‍ത്താചാനലിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഭീകരര്‍ അതിര്ത്തികടന്നതായുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മ്യാന്മര് സര്‍ക്കാരിനോടും സിങ് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അയല്‍ രാജ്യമായതിനാല്‍ ആക്രമണത്തിനുശേഷം ഭീകരര്‍ മ്യാന്മറിലേക്കു കടന്നിട്ടുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
എന്നാല്‍, മണിപ്പൂര്‍ ഭീകരാക്രമണത്തില്‍ ഇന്റലിജന്‍സ് ഏജന്‍സിയെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ ആര്‍മി കമാന്‍ഡര്‍ മേജര്‍ ജനറല്‍ ബിപിന്‍ റാവത് അറിയിച്ചു. രാജ്യത്തെ നിരവധി ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. സമയോചിതമായ പ്രവര്‍ത്തനംകൊണ്ട് ഇവയൊക്കെ തടയാനും ഇന്റലിജന്‍സിനു സാധിച്ചിട്ടുണ്ടെന്നും റാവത്.
വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്കേറ്റു. അമ്പതോളം ഭീകരര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. പ്രദേശവാസികളുടെ പിന്തുണയോടെയാണ് ആക്രമണം നടത്തിയതെന്നും ആര്‍മി വൃത്തങ്ങള്‍. യുഎസ് നിര്‍മ്മിത റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ട്.
ഭീകരാക്രണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗ്രൂപ്പിനെ സംബന്ധിച്ചും ഇതില്‍ ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടും ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം നടത്തും. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: