ബംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദനകേസിന്റെ വിചാരണയ്‌ക്കും ജയലളിതയുടെ സുരക്ഷയ്‌ക്കുമായി ചെലവഴിച്ച തുക തിരിച്ചടയ്‌ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ 12 വര്‍ഷത്തിലധികമായി ജയലളിത ഉള്‍പ്പടെ മുന്നു പേരുടെ കേസിന്റെ വിചാരണയ്‌ക്കായി 5.11 കോടി രൂപ ചെലവായെന്നും ഇത് തിരിച്ച് അടയ്‌ക്കണമെന്നുമാണ് കര്‍ണാടക ആവശ്യപ്പെട്ടിരിക്കുന്നത്. തുകയ്‌ക്കുള്ള ബില്ല് തമിഴ്‌നാട് സര്‍ക്കാരിന് നല്‍കുമെന്ന് കര്‍ണാടക നിയമമന്ത്രി ടി.ബി ജയചന്ദ്ര അറിയിച്ചു.
ജയലളിതയുടെ സുരക്ഷായി ചെലവഴിച്ച പണം കര്‍ണാടക ആഭ്യന്തര മന്ത്രാലയം കണക്കു കൂട്ടി തിട്ടപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് നാല് ദിവസം മുമ്പ് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേസിന് ചെലവായ തുക കര്‍ണാടക തിരിച്ച് ചോദിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സത്യസന്ധമായ വിചാരണ നടക്കില്ലെന്ന ഡിഎംകെ നേതാവ് അന്‍പഴകന്റെ പരാതിയെ തുടര്‍ന്നാണു സുപ്രീം കോടതി ജയലളിതയുടെ കേസ് കര്‍ണാടകയിലെ കോടതിയിലേക്കു മാറ്റിയത്.
മേയ് 11നാണ് ജയലളിതയെയും മൂന്ന് കൂട്ടു പ്രതികളേയും കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. തുടര്‍ന്ന് മേയ് 23ന് ജയലളിത അഞ്ചാം തവണയും തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയായിരുന്നു.
















