ഗുര്‍ഗാവ്: ആരോഗ്യത്തിനു ഹാനികരമായ പദാര്‍ഥങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു വിവാദത്തിലായ മാഗി നൂഡില്‍സിന്റെ വില്‍പ്പന നിര്‍ത്തിയെന്ന് നെസ്‌ലെ. മാഗി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ലെന്നും, എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തത്കാലം ഇന്ത്യന്‍ വിപണിയില്‍നിന്നു മാഗി പിന്‍വലിക്കുകയാണെന്നും നെസ്‌ലെ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നിലവിലെ ആശങ്ക പരിഹരിച്ചശേഷമേ മാഗി ന്യൂഡില്‍സ് മാര്‍ക്കറ്റില്‍ എത്തിക്കുകയുള്ളു. 30 വര്‍ഷമായി ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഇടയില്‍ നേടിയ വിശ്വാസ്യത വലുതാണെന്നാണ് കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയ പത്രക്കുറിപ്പില്‍ പറയുന്നു.
മാഗി നൂഡില്‍സില്‍ ലെഡിന്റയെയും എംഎസ്ജിയുടേയും അളവ് അനുവദിനീയമായതിലും ഏറെയാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു മാഗി നൂഡില്‍സിന്റെ വില്പന തമിഴ്‌നാട്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ മാഗിയുടെ വില്പന നിരോധിച്ചിരുന്നു.
രാജ്യവ്യാപക നിരോധനം ഏര്‍പ്പെടുത്താന്‍ ഭക്ഷ്യ മന്ത്രാലയം ആലോചിക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണു മാഗിയുടെ വില്‍പ്പന നിര്‍ത്തിവച്ചതായുള്ള നെസ്‌ലെ ഇന്ത്യയുടെ പ്രഖ്യാപനം.
ഇതോടൊപ്പം മാഗിയുമായി ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ക്ക് നെസ്‌ലെയുടെ വിശദീകരണവും കൊടുത്തിട്ടുണ്ട്. മാഗി സുരക്ഷിതമോ? നെസ്‌ലെയുടെ ഭക്ഷ്യ സുരക്ഷ? മാഗിയുടെ പരിശോധനാ ഫലങ്ങള്‍, എംഎസ്ജിയും ഗ്ലൂക്കോമേറ്റും തമ്മിലുള്ള വ്യത്യാസം, മാഗിയില്‍ ലെഡ് ഉണ്ടോ? തുടങ്ങി ഉപഭോക്താക്കള്‍ക്കുള്ള ചോദ്യങ്ങള്‍ക്കുള്ള വിശദമായ മറുപടി നെസ്‌ലെ ഇന്ത്യ അവരുടെ വെബ്‌സൈറ്റിലൂടെ നല്‍കുന്നുണ്ട്.
















