ന്യൂദല്‍ഹി: ആരുടെ പ്രശ്നത്തിനും ഏതു അര്‍ധരാത്രി വിളിച്ചാലും താന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയെ നേരിട്ട് കണ്ട മുസ്ലീം നേതാക്കള്‍ക്കാണ് മോദി ഈ ഉറപ്പു നല്‍കിയത്. ഈ സര്‍ക്കാര്‍ എല്ലാ മത വിഭാഗക്കാരെയും ഒരു പോലെയാണ് കാണുന്നത്. വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ ഒരിക്കലും താന്‍ സംസാരിക്കില്ല. ജനങ്ങളെ വര്‍ഗീയപരമായി വിഭാഗിക്കുന്ന രാഷ്‌ട്രീയത്തില്‍ താന്‍ ഒരിക്കലും വിശ്വസിക്കുന്നുമില്ലെന്നും മോദി വ്യക്തമാക്കി.
തൊഴിലും, വികസനവുമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമെന്നും ഇവ കൊണ്ടുവരുന്നകാര്യത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും മോദിനേതാക്കളെ അറിയിച്ചു. ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന തരത്തിലുള്ള രാഷ്‌ട്രീയം രാജ്യത്തിനു വലിയ ദോഷം ചെയ്തതായി മോദി വ്യക്തമാക്കിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.
മുസ്ലീങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസപരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ മേധാവി ഇമാം ഉമര്‍ അഹമദ് ഇല്യാസിയുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് പ്രധാനമന്ത്രിയെ നേരിട്ട് കണ്ടത്. പ്രധാനമന്ത്രിയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തെ പ്രതിനിധി സംഘം പ്രശംസിച്ചു . മുസ്ലിങ്ങള്‍ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തെ തള്ളിക്കളഞ്ഞെന്നും വികസനമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് മനസ്സിലാക്കിക്കഴിഞ്ഞെന്നും പ്രതിനിധി സംഘം വ്യക്തമാക്കി. ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗ ദിനമായി ആഘോഷിക്കാനുള്ള ഐക്യരാഷ്‌ട്ര സഭയുടെ തീരുമാനത്തിl സംഘം പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.
മതത്തിന്റെ പേരില്‍ ചില പ്രത്യേക സമുദായങ്ങള്‍ക്ക് മത നിന്ദ നേരിടുന്നുണ്ടെന്നും നേതാക്കന്മാര്‍ മോദിയോട് പരാതി അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പല ആനുകൂല്യങ്ങളും മുസ്‌ലിം വിഭാഗത്തില്‍പെട്ടവര്‍ക്ക് ലഭിക്കുന്നില്ലെന്നും ആരോപണം ഇവര്‍ ഉന്നയിച്ചു. എന്നാല്‍, ഈ വിഷയങ്ങളില്‍ വേണ്ട തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് മോദി മത നേതാക്കന്മാര്‍ക്ക് ഉറപ്പ് നല്‍കി.
മുക്കാല്‍ മണിക്കൂറോളം നീണ്ട യോഗത്തില്‍ ന്യൂനപക്ഷകാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും എത്തിയിരുന്നു.
















