ന്യൂദല്‍ഹി: കാര്‍ഗില്‍ യുദ്ധരക്തസാക്ഷി ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ കൊലപാതകം അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ ഉന്നയിക്കാനായി സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. സുപ്രീംകോടതി അനുവദിച്ചാല്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സുഷമ ഉദയ്‌പൂരില്‍ പറഞ്ഞു.
സൗരഭ് കാലിയയുടെ ക്രൂരമായ കൊലപാതകം അന്താരാഷ്‌ട്ര കോടതിയില്‍ ഉന്നയിക്കേണ്ടെന്ന മുന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് അനുസൃതമായ നിലപാട് കോടതിയില്‍ സ്വീകരിച്ചതിനെതിരെ അദ്ദേഹത്തിന്റെ പിതാവ് രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രീംകോടതിയുടെ അനുമതി തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
അന്താരാഷ്‌ട്ര കോടതിയുടെ പരിധിയില്‍പ്പെടാത്ത രണ്ടുരാഷ്‌ട്രങ്ങളാണ് ഭാരതവും പാക്കിസ്ഥാനുമെന്ന് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. പ്രത്യേകിച്ചും സൈനികപരവും തടവിലാക്കപ്പെട്ടവരുടെ അവകാശങ്ങള്‍ സംബന്ധിച്ചും അന്താരാഷ്‌ട്ര കോടതിയുടെ അധികാരപരിധിയിലും വരുന്നില്ല. ഇരുരാജ്യങ്ങളും കോമണ്‍വെല്‍ത്ത് അംഗങ്ങളുമാണ്. എങ്കിലും കേസില്‍ സുപ്രീംകോടതിയില്‍ പുതിയ നിലപാട് കേന്ദ്രം സ്വീകരിക്കും, വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.
1999 മെയ് 15ന് പാക് സൈന്യം അതിര്‍ത്തി കടന്നെത്തി ജീവനോടെ പിടികൂടിയ ക്യാപ്റ്റന്‍ കാലിയയുടെ മൃതദേഹം ദിവസങ്ങള്‍ക്കുശേഷമാണ് കണ്ടെത്തിയത്. വൃക്ഷണങ്ങളും സ്വകാര്യഭാഗങ്ങളും തകര്‍ത്തും ശരീരത്തിലെ എല്ലുകള്‍ തല്ലിയൊടിച്ചും കണ്ണ് ചൂഴ്‌ന്നെടുത്തും സമാനതകളില്ലാത്ത ക്രൂരത സൗരഭ് കാലിയയോട് അതിനകം പാക് സൈന്യം കാട്ടിയിരുന്നു. 2012ലാണ് സൗരഭിന്റെ പിതാവ് എന്‍.കെ. കാലിയ അന്താരാഷ്‌ട്ര അന്വേഷണം ആവശ്യപ്പെട്ട് പരമോന്നത കോടതിയെ സമീപിച്ചത്.
















