റാഞ്ചി: ദാരിദ്ര രേഖയ്‌ക്ക് താഴെയുള്ള കുടുംബത്തിന് ജാര്‍ഖണ്ഡിലെ വൈദ്യുതി ബോര്‍ഡ് നല്‍കിയത് 55 കോടിയുടെ വൈദ്യുതി ബില്‍. ബില്‍ തുക കണ്ട് ഹൃദയാഘാതം അനുഭവപ്പെട്ട് യുവാവിന്റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാഞ്ചിയിലെ കദ്രുവില്‍ ചെറുകിട ബിസിനസ് നടത്തുന്ന കൃഷ്ണപ്രസാദിനാണ് (31) വൈദ്യുതി ബോര്‍ഡിന്റെ ‘ഷോക്കേ’റ്റത്.
ഇത്രയും ബില്ല് വരാന്‍മാത്രം അംബാനിയുടെ മുംബൈയിലെ ആഡംബര വീടിനെ വെല്ലുന്ന വീടൊന്നുമല്ല കൃഷ്ണപ്രസാദിന്റേത്. കദ്രു പ്രദേശത്ത് രണ്ടു കിടപ്പുമുറിയും അടുക്കളയും മാത്രമുള്ള ഒരു കൊച്ചുവീട്. ഈ പ്രദേശത്താകട്ടെ ഏഴു എട്ടു മണിക്കൂര്‍ നീളുന്ന പവര്‍ കട്ടുമുണ്ട്. എന്നിട്ടും ഒരുമാസത്തെ ഉപഭോഗം കണക്കാക്കിയാണ് വൈദ്യുതി വകുപ്പ് ഇത്രയും വലിയൊരു ബില്ല് നല്‍കിയത്.
പിന്നെ എന്തുകൊണ്ടാണ് തനിക്ക് ഇത്രയും വലിയ ബില്‍ വന്നതെന്ന് അറിയില്ലെന്ന് കൃഷ്ണപ്രസാദ് പറഞ്ഞു. 9.90 കോടി യൂണിറ്റ് വൈദ്യുതി ഉപഭോഗമാണ് കൃഷ്ണപ്രസാദ് നടത്തിയതെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍.
ഫ്രിഡ്ജ്, എ.സി, മൂന്ന് ഫാനുകള്‍, പിന്നെ ഒരു ഇന്‍വെര്‍ട്ടര്‍ എന്നിവയാണ് കൃഷ്ണപ്രസാദിന്റെ വീട്ടിലുള്ളത്. ഇത്രയും ബില്‍ വരണമെങ്കില്‍ താന്‍ സ്റ്റീല്‍ ഫാക്ടറി നടത്തുകയാണോയെന്നാണ് കൃഷ്ണപ്രസാദിന്റെ ചോദ്യം. ഏപ്രില്‍ മാസം വൈദ്യുതി ചാര്‍ജ്ജായി കൃഷ്ണപ്രസാദ് അടച്ചത് 9736 രൂപ മാത്രമാണെന്നതാണ് ഏറെ ശ്രദ്ധേയം.
തനിക്ക് മാനസികമായുണ്ടായ പീഡനത്തിന് വൈദ്യുതി ബോര്‍ഡിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കൃഷ്ണപ്രസാദും കുടുംബവും.
അതേസമയം, സംഭവം വിവാദമായതോടെ അനാസ്ഥ കാട്ടിയതിന് വൈദ്യുതി ബോര്‍ഡ് രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തുക പുന:ക്രമീകരിച്ചു നല്‍കാമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയറില്‍ ഉണ്ടായ പിഴവാണ് ഭീമമായ ബില്ല് വരാന്‍ കാരണമെന്നാണ് അധികൃതരുടെ വാദം.
















