ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്ലിന്മേല്‍ വീണ്ടും ഓര്‍ഡിനന്‍സ് പുറത്തിറക്കി. പാര്‍ലമെന്റില്‍ പാസാകാന്‍ വൈകുന്നതിനെ തുടര്‍ന്ന് ഇതു മൂന്നാമത് തവണയാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഓര്‍ഡിനന്‍സിന്റെ കാലാവധി ജൂണ്‍ മൂന്നിന് അവസാനിക്കാനിരിക്കെയാണ് ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ഓര്‍ഡിനന്‍സ് പുതുക്കിയത്.
അതിനിടെ, ഭൂമിയേറ്റെടുക്കല്‍ ബില്‍ പാസാക്കുകയെന്നത് ജീവന്മരണ പ്രശ്‌നമായി തനിക്കു തോന്നുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭൂമിയേറ്റെടുക്കല്‍ ബില്‍ ബിജെപിയുടെ അജണ്ടയുമല്ല. ട്രിബ്യൂണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
സ്യൂട്ടും ബൂട്ടുമിടുന്നവരുടെ സര്‍ക്കാരാണിതെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ആരോപണത്തിന് മറുപടി നല്‍കിയ പ്രധാനമന്ത്രി, ‘സ്യൂട്ട്‌കെയ്‌സി’നേക്കാള്‍ നല്ലതാണ് സ്യൂട്ട് ധരിക്കുന്നതെന്ന് പരിഹസിച്ചു.
സ്യൂട്ട്‌കെയ്‌സുകളേക്കാള്‍ ഏറെ സ്വീകാര്യതയുണ്ട് സ്യൂട്ടിനും ബൂട്ടിനും. അറുപത് വര്‍ഷം രാജ്യം ഭരിച്ച ശേഷം വളരെ പെട്ടെന്ന് കോണ്‍ഗ്രസിന് ജനങ്ങളെപ്പറ്റി ഓര്‍മ്മ വന്നിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികള്‍ മൂലമാണ് ഈ രാജ്യത്തെ ജനങ്ങള്‍ നിരവധി കഷ്ടതകള്‍ നിറഞ്ഞ ദരിദ്ര്യ ജീവിതം നയിക്കേണ്ടിവന്നത്.
കല്‍ക്കരി,സ്‌പെക്ട്രം അഴിമതികളോ കോമണ്‍വെല്‍ത്ത് അഴിമതിയോ രാജ്യത്തെ പാവങ്ങള്‍ക്കെന്തെങ്കിലും പ്രയോജനം ചെയ്തിട്ടുണ്ടോ. എല്ലാവര്‍ക്കും അറിയാം ആരൊക്കെയാണ് ഈ അഴിമതികളുടെ ഉപഭോക്താക്കളെന്ന്, മോദി പറഞ്ഞു.
സൈന്യത്തിലെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ സംബന്ധിച്ച ആശങ്കകളെല്ലാം തള്ളിക്കളഞ്ഞ പ്രധാനമന്ത്രി ലക്ഷക്കണക്കിന് സൈനികര്‍ക്കും പൂര്‍വ സൈനികര്‍ക്കും പ്രയോജനകരമായ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. എന്നാല്‍ ഇതുസംബന്ധിച്ച ചില ചര്‍ച്ചകള്‍ പ്രതിരോധ രംഗത്തെ വിദഗ്ധരുമായി നടത്തിവരികയാണ്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയത്തിന്റെ ആവശ്യമില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാന്‍ കുറച്ചു നടപടിക്രമങ്ങള്‍ കൂടിയേ ഉള്ളുവെന്ന് കഴിഞ്ഞ ദിവസം കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് വിഷയത്തെ രാഷ്‌ട്രീയവല്‍ക്കരിക്കുകയാണെന്നും അധികാരത്തിലിരുന്നപ്പോള്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാത്തവരാണ് ഇപ്പോള്‍ ബഹളമുണ്ടാക്കുന്നതെന്നും അതിനവര്‍ക്ക് അവകാശമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
















