റായ്പ്പൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ ഛത്തീസ്ഗഡ് സന്ദര്‍ശനം തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പേ നക്സല്‍ മുന്‍തൂക്ക മേഖലയായ ബസ്തറിലെ സുക്മയില്നിന്ന് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തി.
ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് സിആര്‍പിഎഫും, സംസ്ഥാന പോലീസും ചേര്‍ന്നു നടത്തിയ പട്രോളിങ്ങിനിടെയാണ് ബോംബ് കണ്ടെത്തിയത്. സുക്മ ജില്ലയില്‍ ദൊര്നപാലിനടുത്ത് മിസ്മ ഗ്രാമത്തിലാണ് ടിഫിന്‍ ബോക്സില്‍ സൂക്ഷിച്ച നിലയില്‍ ബോംബ് കണ്ടതെന്ന് സുക്മ പോലീസ് സൂപ്രണ്ട് പ്രഫുല്ല കിസ്പോട പറഞ്ഞു. പുതുതായി നിര്‍മിച്ച പോലീസ് സ്റ്റേഷന് കെട്ടിയം ഉദ്ഘാടനം ചെയ്യാന്‍ ഇന്ന് ആഭ്യന്തര മന്ത്രി ഇവിടെയെത്താനിരിക്കെയാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇതോടെ മേഖലയിലെ സുരക്ഷ ശക്തമാക്കി.
ബോംബുകള്‍ പിന്നീട് നിര്‍വീര്യമാക്കി. കഴിഞ്ഞ ദിവസം മേഖലയില്‍ കുഴിബോംബ് പൊട്ടി പോലീസുകാരന് കൊല്ലപ്പെട്ടിരുന്നു. ഇന്നലെ വൈകീട്ട് രാജ്നാഥ് സിങ് റായ്പ്പൂരിലെത്തി. നയാ റായ്പ്പൂരില്‍ സംസ്ഥാന പോലീസിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത അദ്ദേഹം ഇന്ന് ബസ്തറിലേക്കു പോകും.
















