ന്യൂദല്‍ഹി: സംസ്ഥാനത്ത് ജനങ്ങളുടെ സ്വകാര്യതയില്‍ ഇടപെടുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ ദല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടെന്നാരോപിച്ച് ഭാരതീയ ജനതാ പാര്‍ട്ടി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതം. പ്രവര്‍ത്തകര്‍ക്ക് പരിക്ക്. സംസ്ഥാനത്തെ അഴിമതിവിരുദ്ധ സംഘത്തിന്റെ പ്രവര്‍ത്തനത്തിനായി പൊതുജനങ്ങളുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നിരീക്ഷിക്കുന്നതിനുമുള്ള ഉപകരണങ്ങള്‍ ദല്‍ഹി സര്‍ക്കാര്‍ വാങ്ങുന്നതായുള്ള റിപ്പോര്‍ട്ട് ഒരു സ്വകാര്യ ചാനല്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചത്.ജലപീരങ്കി ഉപയോഗിച്ച് മാര്‍ച്ച് തടയാനുള്ള പോലീസിന്റെ ശ്രമത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.
ആംആദ്മി പാര്‍ട്ടി പൊതുജനങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുത്താനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താനുള്ള അധികാരം എഎപിക്ക് ആരാണ് നല്‍കിയത്. ഈ നീക്കത്തെ ഏതുവിധേനയും ചെറുക്കുമെന്നും ബിജെപി നേതാവ് സതീഷ് ഉപാദ്ധ്യായ് അറിയിച്ചു.
അതേസമയം, ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താനുള്ള ഉപകരണം വാങ്ങിക്കുമെന്ന എസിബി ചാനലിന്റെ വാര്‍ത്ത എഎപി സര്‍ക്കാര്‍ തള്ളി. ഇത് കെട്ടിച്ചമച്ചതാണെന്നും അപകീര്‍ത്തിപ്പെടുത്തിയതിന് ചാനലിനെതിരെ കേസ് നല്‍കുമെന്നും എഎപി വക്താവ് നാഗേന്ദ്ര ശര്‍മ്മ അറിയിച്ചു.
















