ഹോഷങ്ഗാബാദ് (മധ്യപ്രദേശ്) : വ്യാജ നോട്ടുകളുടെ വിനിമയം നില്‍ക്കുന്നു. ഭാരതം സ്വന്തമായിവലിയ തുകയ്‌ക്കുള്ള രൂപാ നോട്ടുകള്‍ അച്ചടിക്കുന്ന പേപ്പര്‍ ഇതാദ്യമായി രാജ്യത്ത് ഉല്‍പ്പാദിപ്പിച്ചുതുടങ്ങി. സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ പെടുത്തിയുള്ള ആദ്യത്തെ സംരംഭമാണിത്. മധ്യപ്രദേശിലെ ഹോഷങ്ഗാബാദില്‍ ഈ പേപ്പര്‍ നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിര്‍വഹിച്ചു.
ഈ മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയിലൂടെ സ്വന്തം രാജ്യത്തിന്റെ നോട്ടുകള്‍ സ്വന്തം രാജ്യത്ത് നിര്‍മ്മിച്ച പേപ്പറില്‍ സ്വന്തം രാജ്യത്ത് അച്ചടിക്കുന്ന സംവിധാനം യാഥാര്‍ത്ഥ്യമാകുകയാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഈ പേപ്പറില്‍ ആയിരം, അഞ്ഞൂറ് രൂപാനോട്ടുകളായിരിക്കും അച്ചടിക്കുക.
നിലവില്‍ അന്യരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പേപ്പറിലാണ് ഭാരത കറന്‍സി അച്ചടിച്ചിരുന്നത്. കൂടുതലും പാക്കിസ്ഥാനില്‍നിന്നായിരുന്നു ഇറക്കുമതി. വ്യാജനോട്ടുകള്‍ പെരുകാനുള്ള ഒരു കാരണവും ഇതായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
അന്യരാജ്യത്തെ പേപ്പറില്‍ സ്വന്തം രാജ്യത്തുള്ള മഷിയില്‍ അച്ചടിക്കുകയായിരുന്നു ഇതവരെയെന്ന് മന്ത്രി പറഞ്ഞു.
ന്യൂ ബാങ്ക് നോട് പേപ്പര്‍ ലൈന്‍ ഉദ്ഘാടനം ചെയ്തതോടെ സെക്യൂരിറ്റി പേപ്പര്‍ മില്ലില്‍ വര്‍ഷം 6,000 ടണ്‍ പേപ്പര്‍ ഉല്‍പ്പാദിപ്പിക്കാനാവും.മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ സര്‍ക്കാരിന്റെ ആദ്യ സംരംഭം മധ്യപ്രദേശിലായത് ശ്രദ്ധേയമായെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് അന്ന് ധനമന്ത്രിായിരിക്കെ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയാണ് ഹൊഷങ്ഗബാദിനെ കറന്‍സി പേപ്പര്‍ നിര്‍മ്മാണ ശാലയ്‌ക്ക് കണ്ടെത്തിയത്. ചെറിയ നോട്ടുകള്‍ക്കുള്ള പേപ്പര്‍ കുറഞ്ഞ തോതില്‍ ഉല്‍പ്പാദിപ്പിക്കാനേ ഇതുവരെ കഴിഞ്ഞുള്ളു.
മൈസൂരില്‍ ഇതേ തരം പേപ്പര്‍ നിര്‍മ്മിക്കാനുള്ള യൂണിറ്റ് ഈ വര്‍ഷം അവസാനം കമ്മീഷന്‍ ചെയ്യും. അവിടെ 12,000 ടണ്‍ പേപ്പര്‍ നിര്‍മ്മിക്കും. അതോടെ രാജ്യത്തിനാവശ്യമായ കറന്‍സി പേപ്പര്‍ ഇവിടെത്തന്നെ നിര്‍മ്മിക്കാനാകും.
ഈ രണ്ടു പദ്ധതികള്‍ വഴി സര്‍ക്കാരിന് 1,500 കോടി രൂപയാണ് വരും നാളുകളില്‍ വിദേശനാണ്യച്ചെലവില്‍ ലാഭമുണ്ടാകുന്നത്. വ്യാജ നോട്ടുകള്‍ വ്യാപിക്കുന്നതു തടയാനാവും, മന്ത്രി പറഞ്ഞു.
















