ന്യൂദല്‍ഹി: സായുധസേനയില്‍ സ്ത്രീകള്‍ക്ക് കാര്യമായ പങ്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. സ്ത്രീസുരക്ഷയിലെ ആശങ്ക മൂലം യുദ്ധമുഖത്തേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തലാക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി മറ്റു പ്രവര്‍ത്തനമേഖലകളില്‍ ചേരുന്നതിന് പ്രോത്സാഹനം നല്‍കുമെന്ന് കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ ശത്രുരാജ്യത്തിന്റെ യുദ്ധതടവുകാരായാല്‍ നേരിടേണ്ടിവരുന്ന ക്രൂരതകളെ കണക്കിലെടുത്താണ് ഇത്തരത്തിലുള്ള തീരുമാനം. സൈന്യത്തിന്റെ മറ്റു മേഖലകളിലുള്ള സ്ത്രീ പ്രാതിനിധ്യം ഘട്ടം ഖട്ടമായി വര്‍ദ്ധിപ്പിക്കുമെന്നും കടക് വാസ്‌ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പാസ് ഔട്ട് പരേഡ് പങ്കെടുക്കാനെത്തിയ പരീക്കര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
സേനയിലെ ഉദ്യോഗസ്ഥരുടെ കുറവിനെക്കുറിച്ചുള്ള ചോദ്യത്തിന് കുറവ് പരിഹരിക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതായി മന്ത്രി അറിയിച്ചു. മുമ്പ് 11,000ന്റെ കുറവുണ്ടായിരുന്നത് 7000മായി കുറഞ്ഞു. സായുധസേനയിലെ മൂന്ന് വിഭാഗളുടെയും പരിശീലനത്തിനായുള്ള അക്കാദമിയുടെ പ്രവേശനശേഷി രണ്ടു വര്‍ഷത്തിനുള്ളില്‍ 1950ല്‍ നിന്ന് 2400ആയി ഉയര്‍ത്തും.
ചടങ്ങില്‍ കേഡറ്റ് എ.കെ. സിന്‍ഹയ്‌ക്ക് അദ്ദേഹം രാഷ്‌ട്രപതിയുടെ സ്വര്‍ണമെഡല്‍ സമ്മാനിച്ചു. കേഡറ്റുകളായ നിഷാന്ത് ഫിലിപ്പിനും ആര്‍.എസ്. ബിഷ്തിനും വെള്ളി, വെങ്കല മെഡലുകളും ലഭിച്ചു.
















