ന്യൂദല്‍ഹി : വിരമിച്ച സൈനികര്‍ക്കുള്ള ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി ഈ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പിലാക്കാത്തതിനെകുറിച്ച് വിമര്‍ശനം ഉന്നയിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും കോണ്‍ഗ്രസ് ഇതിനെ രാഷ്ട്രീയവതികരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അധികാരത്തില്‍ ഇരുന്നപ്പോള്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് എന്ത് തീരുമാനം എടുത്തുവെന്നും അദ്ദേഹം ചോദിച്ചു.
ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി യു.പി.എ. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നില്ല. തുടര്‍ന്ന് എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ബജറ്റില്‍ 1000 കോടി രൂപ ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതിക്കായി നീക്കിവെക്കുകയും ചെയ്തിരുന്നു.
നടപ്പിലാക്കേണ്ട രീതി സംബന്ധിച്ച് സേനാ വിഭാഗങ്ങളുമായി യോജിച്ച് തീരുമാനത്തിലെത്തിച്ചേര്ന്നതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ സാമ്പത്തിക ബാദ്ധ്യതയുള്പ്പെടെയുള്ള കാര്യങ്ങള്‍ ധനമന്ത്രാലയം പരിശോധിച്ചുവരികയാണെന്നും പ്രതിരോധവകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് സമിതിയെ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതിക്കായുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ നേരത്തെ പ്രസ്താവിച്ചിരുന്നു .
















