ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാര്‍ നടത്തുന്ന നിയമനങ്ങളില്‍ വിയോജിപ്പുണ്ടെങ്കില്‍ തിരിച്ചയക്കാമെന്ന് ദല്‍ഹി ഹൈക്കോടതി. ഉദ്യോഗസ്ഥ നിയമനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പരിഗണിക്കാമെന്നും എതിര്‍പ്പുണ്ടെങ്കില്‍ തിരിച്ചയക്കാമെന്നും ലഫ്.ഗവര്‍ണ്ണര്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന് ചെറിയ തിരിച്ചടിയായി കോടതി ഉത്തരവ്.
അതിനിടെ ലഫ്.ഗവര്‍ണ്ണര്‍ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ കേസിനെ ബാധിക്കരുതെന്ന നിര്‍ദ്ദേശം സുപ്രീംകോടതിയും പുറപ്പെടുവിച്ചു. ദല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയിലും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിലും ഹര്ജിയുമായെത്തിയപ്പോള് നാളുകള്‍ നീളുന്ന നിയമപോരാട്ടത്തിന്റെ വഴിയാണ് തുറന്നിരിക്കുന്നത്.
ഉദ്യോഗസ്ഥ നിയമനങ്ങളില്‍ ലഫ്.ഗവര്‍ണ്ണര്‍ക്കാണ് അധികാരമെന്ന കേന്ദ്രആഭ്യന്തരമന്ത്രാലയ വിജ്ഞാപനത്തിനെതിരെയാണ് എഎപി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ നിയമനങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് രാഷ്ട്രപതിയാണെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ഉദ്യോഗസ്ഥ നിയമനങ്ങള്‍ക്ക് സ്വീകരിച്ച നടപടി വിശദീകരിക്കാന്‍ കോടതി കേന്ദ്രആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ ലഫ്.ഗവര്‍ണ്ണറുടെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ദല്‍ഹി ഹൈക്കോടതി വിധിക്കെതിരായി കേന്ദ്രആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയെ സമീപിച്ചു. ലഫ്.ഗവര്‍ണ്ണര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ താല്ക്കാലികമായുണ്ടായതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പരാമര്‍ശങ്ങള്‍ കേസിനെ ബാധിക്കരുതെന്ന നിര്‍ദ്ദേശം ഹൈക്കോടതിക്ക് നല്കിയ സുപ്രീംകോടതി, കേസില്‍ നിലപാടറയിക്കാന്‍ ദല്‍ഹി സര്‍ക്കാരിന് നോട്ടീസയച്ചു.
കേന്ദ്രവിജ്ഞാപനത്തിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് ദല്‍ഹി സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ സ്വതന്ത്ര തീരുമാനമെടുക്കാനുള്ള അധികാരം ഹൈക്കോടതിക്കുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ വിജ്ഞാപനത്തിനെതിരായി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ കേസിനെ സ്വാധീനിക്കരുത്, സുപ്രീംകോടതി ഉത്തരവില്‍ അറിയിച്ചു.
















