ന്യൂദല്‍ഹി: രാജസ്ഥാനില്‍ സര്‍ക്കാര്‍ നിയമനങ്ങളില്‍ സംവരണം ആവശ്യപ്പെട്ട് ഒരാഴ്ചയായി തുടര്‍ന്ന ഗുജ്ജാര്‍ സമരം അവസാനിച്ചു. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 21 ശതമാനം ജോലിസംവരണത്തില്‍ അഞ്ചു ശതമാനം ഗുജ്ജാറുകള്‍ക്കു നീക്കവെക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. തുടര്‍ന്നാണ് ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ തടസപ്പെടുത്തിയുള്ള തെരുവു സമരം പിന്‍വലിച്ചത്. എന്നാല്‍ കേരളത്തിലേക്കുള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലാകാന്‍ വൈകും.
ഗുജ്ജാറുകള്‍ക്ക് സംവരണം നല്‍കാന്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുതിയ സംവരണ ബില്ല് അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഭരണഘടനയുടെ ഒന്‍പതാം ഷെഡ്യൂളില്‍പ്പെടുത്തി ഗുജ്ജാര്‍ സംവരണം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേന്ദ്ര റാഥോഡ് പറഞ്ഞു.
ഗുജ്ജാര്‍ സംവരണ സമര സമിതി നേതാവ് കേണല്‍ കിരോരി സിങ് ബന്‍സാലയും മൂന്നംഗ മന്ത്രിസഭാ സമിതിയും തമ്മില്‍ അഞ്ചുമണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. ബയാനയിലെ പിലു കാ പുരയില്‍ മെയ് 21 മുതല്‍ ട്രെയിന്‍ ഗതാഗതം തടഞ്ഞിട്ടിരിക്കുകയാണ് പ്രബല വിഭാഗമായ ഗുജ്ജാറുകള്‍. ദല്‍ഹി-മുംബൈ മേഖലയിലെ ട്രെയിന്‍ ഗതാഗതം താറുമാറായി. ദിവസവും 70ല്‍ അധികം ട്രെയിനുകളാണ് റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യേണ്ടിവന്നത്.
പ്രതിദിനം 25കോടി രൂപയുടെ വരുമാന നഷ്ടമാണ് വടക്കന്‍ റെയില്‍വേയ്‌ക്ക് ഗുജ്ജാര്‍ സമരം മൂലമുണ്ടായത്. കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകള്‍ കഴിഞ്ഞ 8-9 ദിവസമായി സര്‍വ്വീസുകള്‍ നടത്തിയില്ല. രാജസ്ഥാന്‍ വഴിയോടുന്ന രാജധാനി അടക്കമുള്ള ട്രെയിനുകള്‍ മറ്റുവഴികളിലൂടെ 20് മണിക്കൂറിലേറെ വൈകിയാണ് തിരുവനന്തപുരത്തെത്തിയത്.
റെയില്‍പാളത്തില്‍ ഇരുന്ന് സമരംചെയ്യുന്ന ഗുജ്ജാറുകളെ ബലംപ്രയോഗിച്ച് നീക്കംചെയ്യണമെന്ന രാജസ്ഥാന്‍ ഹൈക്കോടതി വിധിയുടെകൂടി പശ്ചാത്തലത്തിലാണ് എത്രയും പെട്ടെന്ന് സമരം അവസാനിപ്പിക്കാന്‍ ഗുജ്ജാറുകള്‍ വഴങ്ങിയത്.
ഗുജ്ജാറുകള്‍ക്കെതിരായ നടപടിക്കായി അയ്യായിരത്തോളം വരുന്ന 18 കമ്പനി ബിഎസ്എഫ് ഭടന്മാരെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് വിന്യസിച്ചിരുന്നു.
















