ന്യൂദല്‍ഹി: രാജ്യത്ത് കനത്തചൂടും ഉഷ്ണക്കാറ്റും മൂലം മരിച്ചവരുടെയെണ്ണം 1826ലെത്തി. എന്നാല്‍ മരണ സംഖ്യ 2000ലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സൂര്യതാപമേറ്റ് ആന്ധ്രപ്രദേശില്‍ 1334 പേര്‍ മരണമടഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ മാത്രം 314 പേരാണ് മരിച്ചത്. ഇവരില്‍ ഭൂരിഭാഗം ആളുകളും തുറസ്സായ സ്ഥലത്ത് ജോലിചെ യ്യുന്നവരും മുതിര്‍ന്നവരുമാണ്.
47.2 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. 20 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് രാജ്യത്ത് ഇത്രയും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്. ഇതിനു മുമ്പ് 1995ലാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 1766 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
തെലങ്കാനയില്‍ ഇതുവരെ 443 പേര്‍ മരിച്ചതായാണ് സ്ഥിരീകരണം. അതിനിടെ വെള്ളിയാഴ്ച സൂര്യാഘാതമേറ്റ് 100 പേര്‍കൂടി മരിച്ചതായി സംസ്ഥാന ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. ഹൈദരാബാദിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 340 പേര്‍. കൂടാതെ നല്‍ഗോണ്ടയില്‍ 126ഉം കരീംനഗര്‍ 95, ഖാമം 82മഹാബുബ്‌നഗറില്‍ 37 പേരും മരിച്ചിട്ടുണ്ട്. മറ്റ് ജില്ലകളായ മേദക് (35), അദിലാബാദ് (22), നിസാമബാദ് (17), വാറങ്കല്‍ (12) രംഗ റെഡ്ഡിയില്‍ എഴും പേര്‍ വീതവും മരണമടഞ്ഞിട്ടുണ്ട്.
കൂടാതെ മറ്റു സംസ്ഥാനങ്ങളായ ഒഡീഷയില്‍ 43, ഗുജറാത്തില്‍ ഏഴും, ദല്‍ഹിയില്‍ രണ്ടും ആളുകള്‍ മരിച്ചിട്ടുണ്ട്. എന്നാല്‍ ചൂട് അടുത്ത രണ്ടു ദിവസത്തേയ്‌ക്കു കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉത്തര ഭാരത സംസ്ഥാനങ്ങളായ ദല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കനത്തചൂടാണ് അനുഭവപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന മലയോര പ്രദേശങ്ങളായ ഹിമാചല്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലും കനത്തചൂടാണ്. 43.2 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഹിമാചലില്‍ അനുഭവപ്പെടുന്നത്. അതിനിടെ രായലസീമയിലും വടക്കന്‍ ആന്ധ്രയിലെ ചില സംസ്ഥാനങ്ങളിലും ചെറിയതോതില്‍ മഴ ലഭിച്ചത് ജനങ്ങള്‍ക്ക് അല്‍പം ആശ്വാസമായിട്ടുണ്ട്.
















