ഭരണാധികാരികളുടെ പരിരക്ഷണമോ, ധനികരുടെ പ്രോത്സാഹനമോ ലഭിക്കാതെ ആര്‍ക്കും വേണ്ടാത്ത ഒരു അനാഥക്കുഞ്ഞായിട്ടാണ് കഴിഞ്ഞ രണ്ടുനൂറ്റാണ്ടുകാലം ഹിന്ദുമതം കഴിഞ്ഞിരുന്നത്. ഒരുകാലത്ത് പണ്ഡിതന്‍മാരായ തത്വചിന്തകരായിരുന്നു ഭരണാധികാരികളുടെ ഉപദേഷ്ടാക്കള്‍. കാലക്രമത്തില്‍ ബ്രാഹ്മണരായ ഉപദേഷ്ടാക്കളുടെയും ക്ഷത്രിയരായ ഭരണാധികാരികളുടെയും ഗുണനിലവാരം നശിക്കുകയും നമ്മളെ ഇന്നത്തെ ഈ ശോചനീയാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു.
അഭ്യസ്തവിദ്യരായ ജനങ്ങളുടെ മുറവിളി എന്നും ഈ മതരാഹിത്യത്തിന് എതിരായിട്ടായിരുന്നു. വിവരവും വിചാരശേഷിയുമില്ലാത്ത നേതാക്കന്മാരാണ് ഇതിനെ ഹിന്ദുമതം എന്നു വിളിക്കുന്നത്.ഹൃദയശൂന്യരായ കച്ചവടക്കാരേയും അഴിമതിക്കാരായ ഗുമസ്തന്റേയും, ഭീരുക്കളായ പൗരജനങ്ങളെയും നിര്‍ദ്ദയരായ, യജമാനന്‍മാരേയും, വിശ്വസിക്കാന്‍ കൊള്ളരുതാത്ത സേവകന്‍മാരേയും ആണ് ഹിന്ദുമതം വളര്‍ത്തിക്കൊണ്ടുവരുന്നതെങ്കില്‍, ഓരോ മനുഷ്യനും അവന്റെ സഹോദരനെതിരായി പടപൊരുതുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതി മാത്രമേ ഹിന്ദുമതത്തിന് പ്രദാനം ചെയ്യാന്‍ കഴിയൂ എങ്കില്‍.
പട്ടിണിയും നഗ്നതയും, പരമദാരിദ്ര്യവും മാത്രമേ ഹിന്ദുമതത്തിന് നമുക്കായി നല്‍കാനാവൂ എങ്കില്‍, കക്കാനും കൊള്ളയടിക്കാനും മാത്രമേ ഹിന്ദുമതത്തിന് നമ്മളെ പ്രോത്സാഹിപ്പിക്കാനാവൂ എങ്കില്‍,
അസഹിഷ്ണതയും മതഭ്രാന്തും നിഷ്ഠൂരതയും ക്രൂരതയും മാത്രമേ ഹിന്ദുമതത്തിന് നമ്മളെ പഠിപ്പിക്കാനാവൂ എങ്കില്‍,
വേണ്ട….. നമുക്കിങ്ങനെ ഒരു മതം വേണ്ട. അതു തുലഞ്ഞുപോകട്ടെ. ശരിയാണ്… ഇന്നു നമ്മള്‍ കാണുന്ന യഥാര്‍ത്ഥ ചിത്രം ഇതാണ്. അത്രയും പരിതാപകരമായ നിലയിലേക്ക് ഒരു രാഷ്‌ട്രമെന്ന നിലയില്‍ ഹിന്ദുക്കള്‍ സ്വമേധയാ വന്നുവീണിരിക്കുന്നു. ഏറ്റവും ദുഃഖകരമായൊരു ചിത്രം. വര്‍ത്തമാനകാല ഇന്ത്യയില്‍ ഹിന്ദുവിനു സംഭവിച്ച മഹാദുരന്തം.
… തുടരും
















