523. സര്‍വശാന്തികരീഃ – എല്ലാ വിധത്തിലുള്ള ക്ഷോഭങ്ങളും അകറ്റി എല്ലാവര്‍ക്കും ക്ഷേമം നല്‍കുന്നവള്‍.
ക്ഷോഭമില്ലാത്ത അവസ്ഥയാണു ശാന്തി. വ്യക്തിജീവിതത്തില്‍ കാമക്രോധാദി വികാരങ്ങളൊഴിഞ്ഞു സങ്കല്‍പവികല്പങ്ങളില്ലാതെ മനസ്സ് ഓളവും തിരയുമില്ലാത്ത സമുദ്രംപോലെ നിസ്പന്ദമാകുന്ന അവസ്ഥ. ഭൂമിയും ജലവും കാറ്റും അഗ്നിയുമെല്ലാം ക്ഷോഭമില്ലാതെ വര്‍ത്തിക്കുന്ന അവസ്ഥ പ്രകൃതിയിലെ ശാന്തി. ജനസമൂഹം യുദ്ധവും കലഹവുമില്ലാതെ മൈത്രിയോടെ കഴിയുന്ന അവസ്ഥ സമൂഹത്തിലെ ശാന്തി. ശരീരത്തെ ബാധിച്ച രോഗം മാറി സ്വസ്ഥമാകുന്ന അവസ്ഥ രോഗശാന്തി. വന്നുകൂടിയ ആപത്തിനു പരിഹാരമുണ്ടാക്കുന്നതും ശാന്തിയാണ്. എല്ലാം ചേര്‍ത്ത് മംഗളം, ശുഭം എന്നുപറയാം. എല്ലാതരത്തിലുള്ള അശാന്തിയും മാറി ശാന്തി ലഭിക്കുന്നതിന് ദേവിയുടെ പാദസ്മൃതിക്കു കഴിയും.
524. സര്‍വവേദശാസ്ത്രവശംകരീഃ -തന്റെ ഭക്തര്‍ക്ക് എല്ലാ വേദങ്ങളും ശാസ്ത്രങ്ങളും വശപ്പെടുത്തിക്കൊടുക്കുന്നവള്‍. സര്‍വശ്രേഷ്ഠമായ വിജ്ഞാനം ഉള്‍ക്കൊള്ളുന്നവയാണു വേദങ്ങള്‍. വേദം പ്രതിപാദിക്കുന്ന ജ്ഞാനത്തിന്റെ പ്രയോഗ പദ്ധതിയാണ് ശാസ്ത്രങ്ങള്‍. ബുദ്ധിമാനായ ഒരാള്‍ക്ക് വളരെക്കാലത്തെ പഠനംകൊണ്ട് വേദങ്ങളുടെ പൊരുളിന്റെ അല്പമായ അംശം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നുവരാം. ശാസ്ത്രങ്ങളുടെ കാര്യവും അതുപോലെ തന്നെ. വേദശാസ്ത്രസ്വരൂപിണിയായ മൂകാംബികാദേവിയെ ആശ്രയിക്കുന്നവര്‍ക്ക് വേദങ്ങളും ശാസ്ത്രങ്ങളും അനായാസമായി ഹൃദിസ്ഥമാകും. ഉരുവിടുന്ന അധരവ്യായാമം ദേവീഭക്തന് ആവശ്യമില്ല. എല്ലാ വേദങ്ങളും ശാസ്ത്രങ്ങളും കഴിഞ്ഞതും സംഭവിക്കാനുള്ളതുമായ എല്ലാ കാര്യങ്ങളും ആവശ്യാനുസാരം മനസ്സില്‍ തെളിയും.
… തുടരും
















