521. സര്‍വപ്രീതികരീ – എല്ലാവര്‍ക്കും പ്രീതി നല്‍കുന്നവള്‍ ദേവി ലോകമാതാവാണ്. തന്റെ എല്ലാ സന്താനങ്ങള്‍ക്കും സന്തോഷമുണ്ടാക്കുകയാണ് ദേവിയുടെ ലക്ഷ്യം. ദേവിയുടെ ലീലകളെല്ലാം പ്രപഞ്ചത്തിന്റെ നനമയ്‌ക്കുവേണ്ടിയാണ്. ചിലരെയൊക്കെ വധിച്ചതായും തോല്‍പ്പിച്ചതായും നമുക്കു തോന്നും. അതെല്ലാം സ്‌നേഹത്തിന്റെ രൂപഭേദങ്ങളാണ്.
522. സര്‍വലോകവിമോഹിനീ – എല്ലാ ലോകങ്ങളെയും മോഹിപ്പിക്കുന്നവള്‍. ദേവി മഹാമായയാണ്. രൂപവും ഗുണവും ഉത്പത്തിനാശങ്ങളുമില്ലാത്ത ചൈതന്യമാണ് ദേവി. പരാശക്തിയെന്നും പരബ്രഹ്മമെന്നും പറയാവുന്ന ദേവീചൈതന്യം ലോകങ്ങളായും കാലദേശാദികളായ പരിമാണങ്ങളായും ജീവികളായും ജഡവസ്തുക്കളായും രൂപപ്പെടുന്നു. അവയുടെ പരസ്പരബന്ധത്തിലൂടെ അനവരതം നടക്കുന്ന പ്രപഞ്ചപ്രവര്‍ത്തനം ദേവിയുടെ ലീലകൊണ്ടു പ്രതീയമാനമാകുന്ന മിഥ്യാബോധം മാത്രമാണെന്നും അങ്ങനെയൊന്നും നടക്കുന്നില്ലെന്നും ഒരുവാദമുണ്ട്. നാം ഓരോരുത്തരും അറിയുന്ന ലോകം തഥ്യയാണെന്നും നമ്മുടെ ധാരണകള്‍ സത്യമാണെന്നും നമുക്കുള്ള ബോധം ദേവി നമ്മെ മോഹിപ്പിച്ചതുകൊണ്ടു നമുക്കുണ്ടായതാണെന്നും അഭിപ്രായം. അങ്ങനെ ലോകത്തെയാകെ മോഹിപ്പിക്കുന്ന മഹാമായയെ
” വിചിത്രകാര്യകരണാ അചിന്തിരഫലപ്രദാ
സ്വപ്‌നേദ്രജാലവല്ലോക മായാ തേന പ്രകീര്‍ത്തിതാ”
എന്നു ദേവിപുരാണം കീര്‍ത്തിക്കുന്നു. സ്വപ്നാനുഭവംപോലെയും ഇന്ദ്രജാലംപോലെയാണു ലോകം. സംഭവങ്ങളൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല.
ദേവീ മാഹാത്മ്യത്തില്‍ സുമേധസ് എന്ന മഹര്‍ഷി ദേവിയുടെ അവതാരകഥകള്‍ സുരഥന്‍ എന്ന രാജാവിനെയും സമാധി എന്ന വൈശ്യനെയും പറഞ്ഞു കേള്‍പ്പിച്ചുകഴിഞ്ഞ് അവസാനിപ്പിക്കുന്നത്.
”വിദ്യാ തഥൈവ ക്രിയതേ ഭഗവദ് വിഷ്ണുമായയാ
തയാ ത്വമേവ വൈശ്യശ്ച തഥൈവാന്യേ വിവേകിനഃ
(വിഷ്ണുഭഗവാന്റെ മായയായ ആ ദേവിതന്നെയാണ് ജ്ഞാനം ഉണ്ടാക്കുന്നത്. ആ ദേവിയാല്‍ത്തന്നെ അങ്ങും ഈ വൈശ്യനും വിവേകികളായ അന്യരും മോഹിതരാകുന്നു. ചിലര്‍ ഇപ്പോള്‍ മോഹിതരാണ്. അന്യരും മോഹിപ്പിക്കപ്പെടും)
”ജ്ഞാനിനാമപി ചേതാംസി ദേവി ഭഗവതീ ഹി സാ
ബലാദാകൃഷ്യമോഹായ മഹാമായാ പ്രയച്ഛതി”
(മഹാമായയായ ആ ഭഗവതീ ദേവി ജ്ഞാനികളുടെ അന്തഃകരണങ്ങളെപ്പോലും ബലമായി പിടിച്ചുവലിച്ച് മോഹത്തിനായി അര്‍പ്പിക്കുകതന്നെ ചെയ്യുന്നു) ദേവീമാഹാത്മ്യം 1-43.
… തുടരും
















