520.സ്വരതാളലയാശ്രിതാ – സ്വരം, താളം, ലയം എന്നിവയെ ആശ്രയിക്കുന്നവള്‍. സംഗീതത്തിന്റെ മുഖ്യഘടകങ്ങളാണ് സ്വരവും താളവും ലയവും.
1. സ്വരം– മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ സ്വരങ്ങളെ പരാമര്‍ശിച്ചിരുന്നു. ഒരു ശ്രുതിയെ പ്രതിനിധാനം ചെയ്യുന്ന നാദം എന്ന സ്വരത്തെ നിര്‍വചിക്കാം. ഷഡ്ജം, ഋഷഭം, ഗാന്ധാരം, മധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നീ സപ്തസ്വരങ്ങള്‍ ചേര്‍ന്നതാണു സംഗീതമെന്നു മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞു. ഇവയില്‍ ഓരോ സ്വരവും ഓരോ ശ്രുതി സ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്നു. നാദത്തിന്റെ ആരോഹണാവരോഹണങ്ങളെ സ്വരം പ്രതിനിധാനം ചെയ്യുന്നു.
2. താളം- സംഗീതം, വാദ്യം, നൃത്തം എന്നിവയിലെ കാലക്രിയാ മാനമാണ് താളം. തുല്യവേഗത്തിലുള്ള ചലനങ്ങളുടെ പലതരം ചേര്‍ച്ചകളും ആവര്‍ത്തനങ്ങളും ഈ മൂന്നു കലകളിലും ഉണ്ടാകും. അവയെ നിയന്ത്രിക്കുന്ന കാലപരിണാമമാണ് താളം, ധ്രുവം, മഠ്യം, രൂപകം, ഝംപ, ത്രിപുട, അട, ഏകം എന്ന് താളങ്ങള്‍ ഏഴുവക.
3. ലയം- സ്വരാലാപം താളബദ്ധമാക്കി മുന്‍പും പിന്‍മുമുള്ള സ്വരതാളങ്ങളില്‍ അനായാസമായി ഇഴുകി ചേരുന്നതാണു ലയം.
ഈ മൂന്നിനെയും സംഗീതരൂപിണിയായ ദേവി ആശ്രയിക്കുന്നു. മുന്‍നാമത്തിന്റെ തുടര്‍ച്ചയായി ഈ നാമത്തെ കണക്കാക്കാം.
… തുടരും
















