മക്കളെ വളര്‍ത്തുന്നതില്‍ അച്ഛനും അമ്മയ്‌ക്കും ഒരുപോലെ പങ്കുണ്ട്. നമ്മുടെ മാതാപിതാക്കള്‍ക്കു കുട്ടികളെ ചെറുപ്പത്തിലേ സ്‌കൂളില്‍ വിടണം, പഠിപ്പിക്കണം, ജോലി വാങ്ങണം ഇതുമാത്രമാണ് ചിന്ത. അവരുടെ ആത്മീയവളര്‍ച്ചയെക്കുറിച്ചോ സ്വഭാവശുദ്ധിയെക്കുറിച്ചോ തെല്ലും ശ്രദ്ധയില്ല.
കുട്ടികളെ സ്‌നേഹിക്കുന്ന അച്ഛനമ്മമാര്‍ അവരുടെ സ്വഭാവത്തിലാണ് ആദ്യം ശ്രദ്ധവയ്‌ക്കേണ്ടത്. അവരില്‍ നല്ല സംസ്‌കാരം വളര്‍ത്തുവാന്‍ ശ്രമിക്കണം. അതിനാല്‍ ആദ്ധ്യാത്മികകാര്യങ്ങള്‍ കുട്ടികളെ ഉപദേശിക്കണം.
നല്ല തത്ത്വങ്ങളടങ്ങുന്ന കഥകള്‍ പറഞ്ഞുകൊടുക്കണം. ജപവും ധ്യാനവും എല്ലാം ചെയ്യാന്‍ ശീലിപ്പിക്കണം. സാധനമൂലം ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വികസിക്കും. ഒരുവര്‍ഷം പഠിച്ച കാര്യങ്ങള്‍ പുസ്തകം ഒന്നു തുറന്നുനോക്കിയാല്‍ മതി, എല്ലാം ഓര്‍ക്കുവാന്‍ കഴിയും. ചോദ്യം കേട്ടാല്‍ കമ്പ്യൂട്ടറിലെന്നപോലെ മനസ്സില്‍ ഉത്തരം തെളിയും. ഒപ്പം സ്വഭാവവും നന്നാകും. ഭൗതികമായും ആദ്ധ്യാത്മികമായും ഉന്നതിയുണ്ടാകും.
















