എരുമേലി: പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് അനുകൂല കേരളാ കോണ്‍ഗ്രസ് റിബല്യോഗം എരുമേലിയില്‍ സംഘടിപ്പിക്കുക വഴി യുഡിഎഫ് ഗ്രാമപഞ്ചായത്ത് ഭരണ പ്രതിസന്ധിയിലേക്ക് കളമൊരുങ്ങുന്നു. ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ കോണ്‍ഗ്രസ് 6, കേരളാ കോണ്‍ഗ്രസ് 6, മുസ്ലീംലീഗ് 2 എന്നിങ്ങനെയാണ് കക്ഷിനില. എല്‍ഡിഎഫിലാണെങ്കില്‍ സിപിഎം 8, സിപിഐ 1. കേരളാ കോണ്‍ഗ്രസില്‍ പ്രതിപക്ഷമായി നിലനില്‍ക്കുന്ന പി.സി. ജോര്‍ജ് വിളിച്ച യോഗ്തില്‍ കേരളാകോണ്‍ഗ്രസിലെ പഞ്ചായത്തംഗങ്ങളായ രജിതമോള്‍, ഷാനി സാബു എന്നിവര്‍ പങ്കെടുത്തതും മോളിമാത്യു പിന്തുണ പ്രഖ്യാപിച്ചതുമാണ് ഗ്രാമപഞ്ചായത്ത് ഭരണ പ്രതിസന്ധിക്ക് കളമൊരുക്കാന്‍ സാദ്ധ്യത ഏറുന്നതായി വിലയിരുത്തുന്നത്.
കേരള കോണ്‍ഗ്രസില്‍ നിന്നും പോകാനൊരുങ്ങുന്ന പി.സി. ജോര്‍ജ് എല്‍ഡിഎഫില്‍ എത്തിയാല്‍ മൂന്നംഗം യുഡിഎഫ് ഭരണത്തില്‍ നിന്നും മാറാനുള്ള സാദ്ധ്യതയാണ് യോഗത്തിലുടനീളം തെളിഞ്ഞത്.
എരുമേലി യുഡിഎഫ് ഗ്രാമപഞ്ചായത്ത് ഭരണം മറിച്ചിടാന്‍ എല്‍ഡിഎഫിലും രഹസ്യ നീക്കം നടന്നുവരുന്ന സാഹചര്യത്തില്‍ പി.സി. ജോര്‍ജിന്റെ നീക്കം നിര്‍ണായകമാകും. യുഡിഎഫ് ഭരണം മറിച്ചിടാന്‍ മുമ്പ് നടന്ന നീക്കം പരാജയപ്പെട്ട സാഹചര്യത്തില്‍ എല്‍ഡിഎഫിന്റെ പുതിയ നീക്കം പി.സി. ജോര്‍ജ് വഴി നടപ്പാക്കാനാണ് പ്രാദേശിക നേതൃത്വത്തിന്റെ നീക്കമെന്നും നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ എരുമേലിയിലെ യോഗത്തിനെത്തിയ പഞ്ചായത്തംഗങ്ങളെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കുകയോ എല്‍ഡിഎഫിലേക്കുള്ള വഴി തുറക്കുകയോ ചെയ്യാനുള്ള തന്ത്രവും പി.സി.ജോര്‍ജ് പ്രയോഗിക്കുമെന്നും സൂചനയുണ്ട്.
ഭരണമാറ്റത്തിന് വഴിയൊരുങ്ങിയാല്‍ യുഡിഎഫിനും കനത്ത തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടല്‍. ജോര്‍ജിന്റെ യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പഞ്ചായത്തിനകത്തും പുറത്തും നിന്നുള്ളവരാണെന്നും ആശങ്കകളില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. രണ്ടു പഞ്ചായത്തംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുക വഴി കേരള കോണ്‍ഗ്രസില്‍ വിള്ളല്‍ വീഴ്ത്താനും 23 അംഗങ്ങളുള്ള എരുമേലി ഗ്രാമപഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാക്കി എല്‍ഡിഎഫ് മോഹവലയത്തില്‍ കൊണ്ടുവരാനും പി.സി. ജോര്‍ജിന് കഴിഞ്ഞുവെന്നും സംസാരമുണ്ട്.
എല്‍ഡിഎഫിലെ നിലവിലുള്ള 9 അംഗങ്ങള്‍ക്കൊപ്പം മൂന്നുപേര്‍കൂടി ചേര്‍ന്നാല്‍ 12 പേരുമായി എരുമേലി ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: