517. ബുദ്ധിദാത്രീ – ബുദ്ധി നല്‍കുന്നവള്‍. ജ്ഞാനേന്ദ്രിയങ്ങളിലൂടെ മനസ്സിനു ലഭിക്കുന്ന അനുഭവങ്ങളെ അപഗ്രഥിച്ച് ജ്ഞാനമായി സൂക്ഷിക്കുന്ന മസ്തിഷ്‌കകേന്ദ്രമാണ് ബുദ്ധി. ബുദ്ധി ഒരു അവയവമല്ല. സ്വീകാര്യമായവയെയും ഒഴിവാക്കേണ്ടവയെയും വേര്‍തിരിച്ച് കാര്യകാരണങ്ങളെയും വസ്തുക്കളെയും പ്രതിഭാഗങ്ങളെക്കുറിച്ചുമുള്ള അറിവ് ക്രോഡീകരിച്ചു സൂക്ഷിക്കുകയും ആവശ്യം വരുമ്പോള്‍ എടുത്തുപയോഗിക്കുകയും ചെയ്യുന്നതാണ് ബുദ്ധിവ്യാപാരം.
ബുദ്ധിവ്യാപാരം മറ്റുള്ളവരെക്കാള്‍ കൂടുതലുള്ളവരെ നാം ബുദ്ധിമാന്മാര്‍ എന്നുപറയുന്നു. ഭൂമിയിലുള്ള ജീവികളില്‍ മനുഷ്യര്‍ക്കാണ് ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ളത്. ബുദ്ധി ഉപയോഗിച്ചാണ് സമൂഹജീവിതവും സംഗീതസാഹിത്യാദികലകളും പലതരം കളികളും ശാസ്ത്രങ്ങളും മനുഷ്യര്‍ ആവിഷ്‌ക്കരിച്ചത്. തന്റെ സന്താനങ്ങളില്‍ ഏറ്റവും കൂടുതല്‍ വാത്സല്യം ദേവിക്കുള്ളത് മനുഷ്യരോടാണെന്നു പറയാം. അതുകൊണ്ടു ദേവി മനുഷ്യര്‍ക്കു വിശേഷബുദ്ധി കൊടുത്തു.
518. മനോന്മനീ – മനസ്സിന്റെ ഉന്മനീഭാവമായി വര്‍ത്തിക്കുന്നവള്‍ എന്നും മനോന്മനനായ ശിവന്റെ പത്‌നി എന്നും ഈ നാമത്തെ വ്യാഖ്യാനിക്കാം.
”ധ്യാനിക്കപ്പെടുന്ന ചൈതന്യവും ധ്യാനിക്കുന്ന വ്യക്തിയും ധ്യാനം എന്ന കര്‍മ്മവും ഏകീഭവിക്കുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന ജ്ഞാനാമൃതാനുഭൂതി” എന്ന് ആചാര്യന്മാര്‍ ഉന്മനീഭാവത്തെ നിര്‍വചിക്കുന്നു.” ധ്യാനധ്യാതൃദ്ധേയഭാവോ യദാപശ്യതിനിര്‍ഭരം തദോന്മനത്വം ഭവതി ജ്ഞാനാമൃത നിഷേവണാത്” എന്നും ത്രിപുരോപനിഷത്.
യോഗശാസ്ത്രം അഭ്യസിക്കുമ്പോള്‍ ഒരുഘട്ടത്തില്‍ സൂക്ഷ്മമായ ഒരു നാദമായി ദേവിയുടെ അവിരാമമായ സൃഷ്ടിശക്തി യോഗിക്കു കേള്‍ക്കാന്‍ കഴിയുമെന്നും ആ അവസ്ഥയെ ഉന്മനീഭാവം എന്നുപറയുമെന്നും അഭിപ്രായമുണ്ട്. യോഗചര്യയില്‍ ഏര്‍പ്പെടാത്ത ദേവീഭക്തര്‍ക്കും ദേവീകാരുണ്യംകൊണ്ട് ഈ നാദം അനുഭവിക്കാന്‍ കഴിയുമെന്നും ശരീരബദ്ധരായിരിക്കെത്തന്നെ ജീവന്മുക്തരാകാന്‍ ഉന്മനീഭാവം കാരണമാകുമെന്നും അഭിപ്രായമുണ്ട്.
യോഗിയുടെയും ഭക്തന്റെയും മനസ്സില്‍ ഉന്മനീഭാവമായി പ്രവേശിക്കുന്നവള്‍ എന്നു നാമത്തെ വ്യാഖ്യാനിക്കാം.
ഭക്തന്റെ മനസ്സിനെ ഉന്മനീഭാവത്തിലേക്കു നയിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ശിവന് ”മനോന്മനഃ” (മനോന്മനന്‍) എന്നുപേരുണ്ട്. ശിവന്റെ ഒരു മൂര്‍ത്തിയായ ദക്ഷിണാമൂര്‍ത്തിയുടെ പര്യായമായി മനോന്മനന്‍ എന്നുപറയാറുണ്ട്. മനോന്മനന്റെ പത്‌നിയായതുകൊണ്ട് മനോന്മനി എന്നു ദേവിക്കു പേര് എന്നും വ്യാഖ്യാനിക്കാം.
… തുടരും
















