ബെയ്‌റൂട്ട്: ഇറാഖിലും സിറിയയിലും ഐഎസ് നടത്തി വരുന്ന പോരാട്ടങ്ങളില്‍ അണിചേരാന്‍ അനുഭാവികളെ ആഹ്വാനം ചെയ്യുന്ന ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശബ്ദസന്ദേശം പുറത്ത്.
ലോകമെങ്ങും ഐഎസിനോട് ആഭിമുഖ്യമുള്ളവര്‍ ഇറാഖിലെയും സിറിയയിലെയും പോരാട്ടങ്ങളില്‍ പങ്കുചേരാന്‍ തയാറാകണമെന്നു സന്ദേശത്തില്‍ പറയുന്നു. ഇതിനു സാധിക്കാത്തവര്‍ തങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആയുധമെടുക്കാന്‍ തയാറാകണം.
ഐഎസില്‍ ചേരാതിരിക്കാന്‍ മുസ്‌ലിംങ്ങള്‍ക്കു യാതൊരു ഒഴിവും പറയാന്‍ കഴിയില്ലെന്നും സന്ദേശത്തിലുണ്ട്. ഐഎസിന്റെ എതിരാളികള്‍ അനുദിനം ദുര്‍ബലരാവുകയാണെന്നും ബാഗ്ദാദി പറയുന്നു. ലോകമെങ്ങുമുള്ള ഐഎസ് പോരാളികളെ അഭിവാദ്യം ചെയ്തു കൊണ്ടാണു സന്ദേശം അവസാനിക്കുന്നത്.
യുഎസ് വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്കു പരിക്കേറ്റെന്നും ഐഎസിനു നേതൃത്വം നല്‍കാന്‍ കഴിയാത്തവിധം ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു ശേഷം ആദ്യമായാണു ബാഗ്ദാദിയുടേതെന്ന പേരില്‍ ഒരു സന്ദേശം പുറത്തുവരുന്നത്. എന്നാല്‍ ഇതിന്റെ ആധികാരികത സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.
















