കൊട്ടാരക്കര: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അടുത്ത അനുയായികള്‍ ജില്ലയില്‍ നിന്ന് പിടിയിലായ സാഹചര്യത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. 2009 മുതല്‍ ഇവരുടെ പ്രവര്‍ത്തനം ഇവിടെ ഉണ്ടായിരുന്നു എന്ന് പിടിയിലായവരുടെ വെളിപെടുത്തല്‍ ജില്ലയിലെ ഇവരുടെ പ്രവര്‍ത്തനം ശക്തമായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ട പോലീസ് ഇന്നലെ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെയും രഹസ്യാന്വേഷകരുടെയും യോഗം വിളിച്ച് ചേര്‍ത്തിരുന്നു. അറസ്റ്റിലായവര്‍ മുന്നക്സല് പ്രവര്‍ത്തകരായതുകൊണ്ടുതന്നെ പ്രധാനമായും ഈ മേഖല കേന്ദ്രീകരിച്ചാണ് അന്വേഷണം. പിന്നാക്കക്ഷേമം പ്രസംഗിച്ച് കോളനികളില്‍ നുഴഞ്ഞുകയറുന്ന തീവ്രവാദ സംഘടനയുടെ പിന്‍ബലമുള്ള ചിലരും നീരീക്ഷണത്തിലാണ്.
മുന്‍പ് ഫോണ്‍ മുഖേന ബന്ധപ്പെട്ടിരുന്ന പലരും ഇപ്പോള്‍ ഫോണ്‍ ബന്ധം കുറച്ചത് പോലീസിന്റെ ശ്രദ്ധയില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാനാണെന്ന് സംശയിക്കുന്നു. ചില കോളനികളിലും രൂപേഷും സംഘവും പ്രവര്‍ത്തനം വ്യാപിക്കാന്‍ രമണനുമൊത്ത് എത്തിയതായി സൂചനയുണ്ട്. രമണനെ കൂടുതല്‍ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. എന്നാല്‍ മാത്രമെ സംഘാംഗങ്ങളെ സംബന്ധിച്ചും മറ്റ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നവരെ പറ്റിയും കൂടുതല്‍ വിവരം ലഭിക്കൂ. ഇതിനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ സിമ്മില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പിടിയില്‍ ആകുന്നത്. ഇത്തരത്തില്‍ ഇവര്‍ കുടുതല്‍ സിം മറ്റ് സ്ഥലങ്ങളില്‍ നിന്ന് സംഘടിപ്പിച്ചോ എന്നും നിരീക്ഷിച്ച് വരികയാണ്. രമണനും ആനന്ദനും പിടിയിലായതോടെ ഇവരുമായി ബന്ധമുള്ള പലരുടേയും ഫോണുകള്‍ നശിപ്പിച്ചതായും സംശയമുണ്ട്.
പിടിയിലായവരും ചില കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും സംഘാംഗങ്ങളെപ്പറ്റിയോ പ്രവര്‍ത്തനരീതിയോ പറ്റിയോ പോലീസിനോട് പറയാന്‍ കൂട്ടാക്കിയിട്ടില്ല. സാധുധവിപ്ലവത്തിലൂടെ അധികാരം എന്ന ആശയമാണ് രമണനെയും ആനന്ദനെയും മാവോവാദികളാക്കി മാറ്റിയത്. കൂടുതല്‍ പേര് ഇവര്‍ക്കൊപ്പം അണിചേര്‍ന്നിട്ടുണ്ടെന്ന് വിവരം ഉണ്ടങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
പ്രവര്‍ത്തനത്തിലേക്ക് പുതിയ ആളുകളെ കണ്ടെത്താനും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനുമുള്ള ചുമതല രമണനെയാണ് ഏല്പിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെ കൂടുതല്‍ അറസ്റ്റ് നടക്കുമെന്ന് സൂചനയുണ്ട്. കൊട്ടാരക്കര ഡിവൈഎസ്പി അനില്‍ദാസ്, എഴുകോണ്‍ സിഐ രമേശ്കുമാര്‍, കുണ്ടറ എസ്ഐ സുനീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘമാണ് മാവോവാദി പ്രവര്‍ത്തനങ്ങള്‍ നിലവില്‍ അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: