ഇസ്ലാമാബാദ്: വടക്കന്‍ പാകിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് അംബാസഡര്‍മാരുള്‍പ്പെടെ ഏഴു പേര്‍ മരിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെഹ്‌രിക് ഇതാലിബാന്‍ പുറത്തുവിട്ടു. യന്ത്ര തകരാറാണ് ഹെലികോപ്റ്റര്‍ ദുരന്തത്തിനു കാരണമെന്ന പാകിസ്ഥാന്റെ വിശദീകരണത്തിന് പിന്നാലെയാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. അപകടത്തില്‍ നോര്‍വീജിയന്‍, ഫിലിപ്പീന്‍സ് അംബാസിഡര്‍മാര്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.
റഷ്യന്‍ നിര്‍മിത സാം7 ബി മിസൈല്‍ ഉപയോഗിച്ച് താലിബാന്‍ ഭീകരര്‍ ഹെലികോപ്റ്റര്‍ തകര്‍ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ലാന്‍ഡിങ്ങിനു മുന്‍പായുണ്ടായ യന്ത്ര തകരാറിനെ തുടര്‍ന്ന് ഹെലികോപ്റ്ററിന്റെ നിയന്ത്രണം വിട്ട് തകരുകയായിരുന്നു എന്നാണ് ദുരന്തത്തില്‍ വിദേശകാര്യ സെക്രട്ടറി അയ്‌സാസ് ചൗധരി കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പാകിസ്ഥാന്‍ ഭീകര സംഘടനയായ തെഹ്‌രിക് ഇതാലിബാന്‍ പുറത്തുവിട്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആക്രമണം ഉണ്ടാകുമെന്ന സൂചനയും വീഡിയോയിലുണ്ട്.
ഗിര്‍ജിത്ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യയിലുള്ള നള്‍ട്ടാര്‍ താഴ്‌വരയിലെ സ്‌കൂളിനു സമീപമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. മരിച്ചവരില്‍ രണ്ട് പാകിസ്ഥാനി പൈലറ്റും, നാല് വിദേശികളും ഉള്‍പ്പെടുന്നു. അപകടത്തില്‍ നിന്ന് 13 പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു.
















