ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് വിദേശനയതന്ത്ര പ്രതിനിധികളടക്കം ആറ്‌പേര്‍ മരിച്ചു. വടക്കന്‍ പാക്കിസ്ഥാനില്‍ ഒരു പദ്ധതി നിര്‍വ്വഹണത്തിന് പോകുമ്പോഴാണ് ഹെലികോപ്ടര്‍ തകര്‍ന്നത്. മരിച്ചവരില്‍ നോര്‍വേ, ഫലിപ്പെന്‍സ് എന്നിവിടങ്ങളിലെ അംബാസഡര്‍മാരും മലേഷ്യ,ഇന്തോന്യേഷ്യ എന്നീ രാജ്യങ്ങളിലെ അംബാസഡര്‍മാരുടെ ഭാര്യമാരും ഉള്‍പ്പെടുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അടിയന്തിരമായി ഇടിച്ചിറക്കുകയായിരുന്നു.
നോര്‍വേ അംബാസഡര്‍ ലെയ്ഫ് എച്ച് ലാര്‍സെന്‍, ഫിലിപ്പീന്‍സ് അംബാസഡര്‍ ഡോമിംഗോ ഡി ലുസെനാറിയോ ജൂനിയര്‍ എന്നിവരാണ് കൊല്ലപ്പെട്ട നയതന്ത്രപ്രതിനിധികള്‍. ഹെലികോപ്ടറിലെ പൈലറ്റുമാരാണ് മരിച്ച മറ്റു രണ്ടുപേര്‍. 13 പേര്‍ക്ക് പരിക്കുണ്ട്. വ്യോമസേനയുടെ സഹായത്തോടെ ജില്‍ജിത് ബാല്‍ട്ടിസ്ഥാന്‍ മേഖലയില്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതിയുടെ സമര്‍പ്പണത്തിനായിട്ടുള്ള യാത്രയിലായിരുന്നു അപകടം സംഭവിച്ചത്. മറ്റൊരു വിമാനത്തില്‍ പ്രധാനമന്ത്രി നവാസ് ഷെരീഷ് പദ്ധതി സ്ഥലത്തേക്ക് യാത്രചെയ്യുന്നുണ്ടായിരുന്നു. അപകടവാര്‍ത്തയറിഞ്ഞ് ഷെരീഫ് ഇസ്ലാമബാദിലെ ഓഫീസിലേക്ക് മടങ്ങി. സൈനിക വക്താവ് അസിം ബജ്‌വയാണ് അപകടവാര്‍ത്ത ട്വീറ്റ് ചെയ്തത്.
ഇതിനിടയില്‍ ഹെലികോപ്ടര്‍ ഇടിച്ചിറക്കിയതിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തു. പ്രധാനമന്ത്രി നവാസ് ഷെരീഫിനെയാണ് തങ്ങള്‍ ലക്ഷ്യമിട്ടിരുന്നതെന്നും ഭീകരന്മാര്‍ വ്യക്തമാക്കി.
















