റിയാദ്(സൗദി അറേബ്യ): സൗദിയിലെ നജ്‌റാനിലേക്കു യെമനിലെ ഹൂതികളുടെ റോക്കറ്റ് വര്‍ഷവും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും. ആക്രമണത്തെത്തുടര്‍ന്ന് അതിര്‍ത്തിമേഖലയായ നജ്‌റാനിലേക്കുള്ള വിമാന സര്‍വീസുകള്‍ സൗദി റദ്ദാക്കി.
സൗദി-യെമന്‍ അതിര്‍ത്തി പ്രദേശമായ നജ്‌റാനിലെ ജനസാന്ദ്രതയേറിയ പ്രദേശം ലക്ഷ്യമാക്കിയായിരുന്നു ഹൂദികളുടെ ആക്രമണം. മലയാളികളടക്കം ധാരാളം ഭാരതീയര്‍ ഇവിടെയുണ്ട്. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടേക്കുള്ള സര്‍വീസുകള്‍ തുടരില്ലെന്ന് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സൗദിയ എയര്‍ലൈന്‍സ് വ്യക്‌തമാക്കി.
സൗദി സമയം ഇന്നലെ രാവിലെ 11നാണ് ആക്രമണം തുടങ്ങിയത്. നജ്‌റാനില്‍ നുഴഞ്ഞുകയറിയ ഹൂദികള്‍ സര്‍ക്കാര്‍ സ്‌ഥാപനങ്ങളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഷെല്ലുകള്‍ വര്‍ഷിച്ചു. ഇതോടെ മേഖലയിലെ സ്‌കൂളുകള്‍ അടക്കം അടച്ചിട്ടിരിക്കുകയാണ്.
വിമതര്‍ അഞ്ചു സൗദി സൈനികരെ പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സൗദി പ്രതിരോധ മന്ത്രാലയമോ മാധ്യമങ്ങളോ ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല.
















