കളത്തൂര്‍: പുസ്തകങ്ങളിലൂടെ ലഭിക്കുന്ന അറിവ് കൂടുതലും ഭൗതികസുഖങ്ങളിലേക്ക് നയിക്കുന്നതാണെങ്കിലും ഭഗവത് ഉപാസനയിലുടെ ലഭിക്കുന്ന യഥാര്‍ത്ഥ അറിവ് നമ്മെ നന്മയിലേക് നയിക്കുന്നതാണെന്ന് കണ്ടമംഗലം പരമേശ്വരന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു. കളത്തൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയില്‍ 1ന് ആരംഭിച്ച ഭാഗവത സത്സംഗസത്രത്തില്‍ തത്വപ്രവചനം നടത്തുകയായിരുന്നു അദ്ദേഹം.
സത്സംഗസത്രത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തിനുശേഷം ഭാഗവതപാരായണം ആരംഭിച്ചു. സത്രാചാര്യന്‍ ഡോക്ടര്‍ കെ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മിഥുനപ്പിള്ളി വാസുദേവന്‍, മുംബൈ ചന്ദ്രശേഖരശര്‍മ്മ എന്നിവരുടെ തത്വപ്രവചനത്തിന് ശേഷം ദശാവതാരചാര്‍ത്തില്‍ വാമനാവതാരദര്‍ശനം നടന്നു. തുടര്‍ന്ന് നാമഘോഷപ്രദക്ഷിണം ശ്രീരാജ് നമ്പൂതിരിയുടെ തായമ്പകയും മേവെള്ളൂര്‍ സര്‍ഗക്ഷേത്രം അവതരിപ്പിച്ച കുചേലവൃത്തം കഥകളിയും നടന്നു. സത്രവേദിയില്‍ ബുധനാഴ്ച ശ്രീകൃഷ്ണ അവതാര മഹോത്സവമാണ്.
















