489. ആദിമായാഃ പ്രപഞ്ചത്തിന്റെ ഉത്പത്തിക്കു കാരണമായ മഹാമായ എന്ന 23- ാം നാമത്തില്‍ മായയെക്കുറിച്ചു പറഞ്ഞിരുന്നത് ഓര്‍ക്കുക. ലളിതാസഹസ്രനാമത്തിലെ 714-ാം നാമം ‘മായാ’ എന്നാണ്. ആ നാമത്തിന്റെ വ്യാഖ്യാനത്തിലും മായയെക്കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്.
ഇവിടെ മൂകാംബികാദേവിയുടെ നാമമായി വ്യാഖ്യാനിക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ ആദികാരണമായ മൂലപ്രകൃതി എന്ന വ്യാഖ്യാനം മെച്ചം. ലോകങ്ങളായും ലോകങ്ങളിലെ ഗ്രഹനക്ഷത്രാദികളായും പഞ്ചഭൂതങ്ങളായും പഞ്ചഭൂതഘടിതങ്ങളായ വസ്തുക്കളാലും അവയില്‍ ജീവനായി പ്രവേശിച്ച് ജീവികളായും പ്രവര്‍ത്തിക്കുകയും കാലംകൊണ്ടു നശിക്കുകയും വീണ്ടും ഉണ്ടാകുകയും ചെയ്യുന്ന ലീലയില്‍ അഭിരമിക്കുന്ന സര്‍വാധാരവും സര്‍വരൂപവുമായ മായാശക്തിയെ നാമം സ്തുതിക്കുന്നു.
490. ആദിശക്തിഃ വസ്തുക്കളില്‍ വസ്തുത്വമായും അതില്‍ ജീവശക്തിയായി ആവേശിച്ച് ജീവിയായും പ്രകൃതിയില്‍ പ്രകൃതിശക്തിയായും വര്‍ത്തിക്കുന്ന എല്ലാ ശക്തികള്‍ക്കും ആദികാരണമായ ശക്തി പരാശക്തി.
…. തുടരും
















