പള്ളിപ്പുറത്ത് ജപ്പാന്‍കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് തകര്‍ന്ന റോഡ്
ചേര്‍ത്തല: പൈപ്പു പൊട്ടലുകള്‍ തുടര്‍ക്കഥയാകുന്നു, ചേര്‍ത്തല നിവാസികളുടെ കുടിവെള്ളം മുട്ടിച്ച് ജപ്പാന്‍ പദ്ധതി. പരാതികളും വിമര്‍ശനങ്ങളും ഉയരുമ്പോഴും പൈപ്പു പൊട്ടി ജലവിതരണം മുടങ്ങുന്നത് താലൂക്കില്‍ പതിവായി. മായിത്തറ ഇലഞ്ഞി സംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് റയില്‍വേ ക്രോസിന് സമീപം പൊട്ടിയതിനാല്‍ ചേര്‍ത്തല തെക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമെത്തിയിട്ട് ഒരാഴ്ചയായി. ഇതിനിടയിലാണ് തിരുനല്ലൂരില്‍ പൈപ്പ് പൊട്ടിയതിനാല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചത്.
ചേര്‍ത്തല താലൂക്കിലെ 18 പഞ്ചായത്തിലും സമഗ്രജലവിതരണം ലക്ഷ്യമിട്ട് 2012 മാര്‍ച്ചില്‍ കോടികള്‍ മുടക്കി കമ്മിഷന്‍ ചെയ്ത പദ്ധതി മൂന്ന് വര്‍ഷം പിന്നിടുമ്പോഴും ലക്ഷ്യത്തിയില്ല. 50,000 വീടുകളില്‍ കണക്ഷന്‍ നല്‍കി ജലവിതരണം ഉറപ്പാക്കാനായിരുന്നു പദ്ധതി ലക്ഷമിട്ടിരുന്നതെങ്കിലും 10,000 കണക്ഷന്‍ പോലും നല്‍കുവാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. അധികാരികളുടെ ഉത്തരവാദിത്വമില്ലായ്‌മയും നിര്‍മ്മാണ സാമഗ്രികളുടെ നിലവാരമില്ലായ്‌മയും ഉപഭോക്താക്കളെ അകറ്റി. അടിക്കടിയുള്ള പൈപ്പു പൊട്ടലുകള്‍ മൂലം പതിനായിരങ്ങള്‍ മുടക്കി ജപ്പാന്‍ കണക്ഷനെടുത്ത ഉപഭോക്താക്കള്‍ കുടിവെള്ളത്തിനായി മറ്റ് സ്രോതസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
വാട്ടര്‍ അതോറിറ്റിയുടെ പിടിപ്പുകേട് ആദ്യം മുതല്‍ തന്നെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കാലഹരണപ്പെട്ട പൈപ്പുകളും ടാപ്പുകളും മാറ്റി പുതിയവ സ്ഥാപിക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല. വലിയ പൈപ്പുകള്‍ പൊട്ടി വീടുകള്‍ വെളളത്തിലായാലും, ടണ്‍ കണക്കിനുവെള്ളം പാഴായാലും അധികൃതര്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥ പല സമയത്തും ആവര്‍ത്തിച്ചു. വലിയ ജലസ്രോതസുകളായി നിലനിന്നിരുന്ന വന്‍കുളങ്ങള്‍ നികത്തിയാണ് പലയിടങ്ങളിലും കൂറ്റന്‍ ജല സംഭരണികള്‍ നിര്‍മ്മിച്ചത്. എന്നാല്‍ നിറഞ്ഞു കവിഞ്ഞാലും കുടിവെള്ളം പാഴാകാതിരിക്കാന്‍ ടാങ്ക് സ്ഥിതിചെയ്യുന്ന കോമ്പൗണ്ടുകളില്‍ ഒരാളെ പോലും ജോലിക്കു വെയ്‌ക്കാനും വാട്ടര്‍ അതോറിറ്റിയും സര്‍ക്കാരും തയാറായില്ല.
താലൂക്കിലെ പതിനെട്ടു പഞ്ചായത്തുകളിലെയും, നഗരസഭയിലെയും ശുദ്ധജലവിതരണ പൈപ്പുകളിലെ തകരാറുകള്‍ പരിഹരിക്കുന്നതിനായി ജല അതോറിറ്റി ചേര്‍ത്തല സബ് ഡിവിഷന് മുപ്പതു ലക്ഷം രൂപ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം കൂടിയ ചേര്‍ത്തല താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.
















